Connect with us

Thiruvananthapuram

മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല: സി പി ഐ

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സി പി എം വിലക്കേര്‍പ്പെടുത്തിയെന്ന ആര്‍ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പ്രസ്താവനക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുതിര്‍ന്ന നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ആത്മസംയമനവും മിതത്വവും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു കക്ഷി നേതാക്കള്‍ ഇടപെടുന്നത് ശരിയല്ല. ഓരോ പാര്‍ട്ടിക്കും അവരുടെതായ രീതികളുണ്ട്. മുന്നണി സംവിധാനത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ അനുവര്‍ത്തിക്കേണ്ട ബന്ധങ്ങളുണ്ട്. വി എസിന് പാര്‍ട്ടിയില്‍ വിലക്കുണ്ടോ എന്ന കാര്യം അറിയില്ല. ചന്ദ്രചൂഡന്‍ ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും പന്ന്യന്‍ പറഞ്ഞു.
ടി പി വധക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നാണ് സി പി ഐയുടെ നിലപാട്. കൊലപാതകങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് സമരം നടത്തിയ കെ കെ രമയെ ഇ പി ജയരാജന്‍ അവഹേിച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല.
സി ബി ഐ അന്വേഷണം സര്‍ക്കാറിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമാണ്. സി പി എമ്മിനെതിരെ അഭിപ്രായം പറയുന്നതില്‍ സി പി ഐക്ക് ഭയമില്ല. യു ഡി എഫ് സര്‍ക്കാറിലെ മന്ത്രിമാരും സ്റ്റാഫ് അംഗങ്ങളും രാഷ്ട്രീയമായും ധാര്‍മികമായും അപചയം സംഭവിച്ചവരായി മാറുകയാണ്. ഇതിന്റെ അവസാന ഉദാഹരണമാണ് നിലമ്പൂര്‍ കൊലപാതകം.
ആര്യാടനെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കി ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ സി പി ഐ സംസ്ഥാനവ്യാപകമായി ജനകീയ യാത്രകള്‍ സംഘടിപ്പിക്കും.

Latest