Connect with us

Kozhikode

നിലമ്പൂര്‍ കൊലപാതകം: കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണം-ആര്യാടന്‍

Published

|

Last Updated

കോഴിക്കോട്: നിലമ്പൂര്‍ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.
നിലമ്പൂര്‍ സി ഐയുടെ സ്ഥലം മാറ്റത്തിന്, കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകവുമായി ബന്ധമില്ല. ജില്ലയില്‍ മൂന്ന് വര്‍ഷം തികഞ്ഞ ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന്റെ ഭാഗമായാണ് സി ഐയെ സ്ഥലം മാറ്റിയത്.
കൊലപാതകവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ആര്യാടന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു. കേസില്‍ നിലവില്‍ പ്രതികളുടെ മൊഴിയനുസരിച്ചാണ് അന്വേഷണം നടക്കുന്നത്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ച ശേഷമേ സംഭവത്തെക്കുറിച്ച് അന്തിമമായ അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പൊതുപരിപാടികളില്‍ പങ്കെടുത്ത് പ്രസംഗിക്കാന്‍ അനുവദിക്കാതെ പാര്‍ട്ടി വിലക്കിയെങ്കില്‍ അത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. നിലവില്‍ സി പി എമ്മില്‍ മാര്‍ക്‌സിസത്തിന്റെ കണിക അല്‍പമെങ്കിലും ഉള്ളത് അദ്ദേഹത്തിന് മാത്രമാണെന്നും ആര്യാടന്‍ പറഞ്ഞു.
പൊതുപരിപാടികളില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതെ വി എസിനെ തിരുവനന്തപുരത്ത് സി പി എം വിലക്കുന്നെന്ന ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി എം സുധീരന്‍ നീതിബോധവും നിഷ്പക്ഷതയുമുള്ള നേതാവാണെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

Latest