Connect with us

Gulf

നിറഞ്ഞ ആത്മവിശ്വാസത്തോടെ ഭരണകൂട ഉച്ചകോടിക്ക് സമാപനം

Published

|

Last Updated

Satellite (1)ദുബൈ: മൂന്ന് ദിവസമായി മദീന ജുമൈറയില്‍ നടന്ന ഭരണകൂട ഉച്ചകോടി വിജയിപ്പിച്ചവര്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നന്ദി രേഖപ്പെടുത്തി. യു എ ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനങ്ങളെ വാനോളം പ്രകീര്‍ത്തിക്കുന്നതായിരുന്നു ശൈഖ് മുഹമ്മദിന്റെ പ്രസംഗം. ഹാള്‍ നിറഞ്ഞുകവിഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെയാണ് ശൈഖ് മുഹമ്മദിന്റെ പ്രസംഗം സ്വീകരിച്ചത്.
വന്‍ പ്രതീക്ഷകളുടെ സമ്മേളനമാണ് മൂന്ന് ദിവസമായി മദീനത് ജുമൈറയില്‍ നടന്നത്. ഒത്തൊരുമയോടെ ജോലി ചെയ്യുന്ന ഏറ്റവും വലിയതും മികച്ചതുമായ ടീമാണ് യുഎഇയിലേത്. രാജ്യം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ഥികളും വലിയ പങ്കു വഹിക്കുന്നു.
പ്രതീക്ഷകള്‍ നിറവേറ്റി ജീവിതവും ഭാവിയും ശോഭനമാക്കുകയും ജനങ്ങളെ സന്തോഷിപ്പിക്കുകയുമാണ് മുഖ്യ ലക്ഷ്യം. ഉച്ചകോടിക്കിടെ ജിസിസിയിലെ ഒരു മന്ത്രി ചോദിച്ചു, സംതൃപ്തിക്ക് പകരം സന്തോഷം എന്ന വാക്ക് ഉപയോഗിക്കുന്നതെന്തിനാണ് എന്ന്. സന്തോഷം ശാശ്വതമായ ഒന്നാണെന്ന് അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു. ശത്രുക്കള്‍ക്ക് മേലുള്ള നിങ്ങളുടെ വിജയം പോലെയാണത്-അദ്ദേഹം പറഞ്ഞു. 50 രാജ്യങ്ങളിലെ 4,700 പ്രതിനിധികള്‍ പങ്കെടുത്തു. ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്മേളനമാണിത്.
മികച്ച ഉദ്യോഗസ്ഥര്‍ക്കും ഷാര്‍ജ സായിദ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് വിദ്യാര്‍ഥികളുടെ ടീമുകള്‍ക്കും ശൈഖ് മുഹമ്മദ് 10 ലക്ഷം ദിര്‍ഹം വീതമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ നേടുന്നതിന് പുറമെ, സ്വയം സംരംഭങ്ങള്‍ തുടങ്ങാനും സ്വദേശികള്‍ ശ്രമം നടത്തണമെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ഉച്ചകോടിയില്‍ സര്‍ക്കാര്‍ സേവനങ്ങളിലെ ശുഭാപ്തിവിശ്വാസങ്ങള്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് ഒട്ടേറെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഇടപാടുകാരുടെ സംതൃപ്തി അതില്‍ പ്രധാനമാണ്. നിര്‍മിക്കാനുദ്ദേശിക്കുന്ന മുതല പാര്‍ക്ക് പോലുള്ള വന്‍ പദ്ധതികളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതായി അദ്ദേഹം പറഞ്ഞു.

Latest