Connect with us

Kannur

ജീവനക്കാരെ പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

Published

|

Last Updated

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിസ്ഥിതി ബോധം പകര്‍ന്നു നല്‍കാന്‍ സംസ്ഥാനത്ത് ആദ്യമായി പ്രത്യേക പരിശീലന പദ്ധതിയുമായി പരിസ്ഥിതി വകുപ്പ് തയ്യാറെടുക്കുന്നു. മുഴുവന്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്കും തീരദേശ പരിപാലനം, തണ്ണീര്‍ത്തട സംരക്ഷണം തുടങ്ങി എല്ലാവിധ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെക്കുറിച്ചും അവ നടപ്പാക്കുന്നതിനെക്കുറിച്ചുമെല്ലാമുള്ള പരിശീലനമാണ് നല്‍കുക. പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളടക്കം കൈകാര്യം ചെയ്യുന്നതില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ വീഴ്ച വരുത്തുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലെയും ജീവനക്കാര്‍ക്കും അടിയന്തര പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമായും ആറ് വിഷയങ്ങളാണ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ട പരിശീലനത്തില്‍ കൈകാര്യം ചെയ്യുക. പരിസ്ഥിതി പ്രത്യാഘാതത്തെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചുമുള്ള പഠന ക്ലാസിന് പരിശീലനത്തില്‍ പ്രാമുഖ്യം നല്‍കും. തീരദേശ പരിപാലന നിയമത്തെക്കുറിച്ച് സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ക്ക് പ്രാഥമിക വിവരം പോലുമില്ലെന്ന് ഇതുസംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതികളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തീരദേശ കേന്ദ്രീകൃത ജില്ലകളില്‍ ഈ നിയമത്തെക്കുറിച്ച് താഴെത്തട്ടിലുള്ള ജീവനക്കാരെയടക്കം വിശദമായി പഠിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ ആശുപത്രികളിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പ്രത്യേക പരിശീലനവും നല്‍കും.
നഗരസഭ, പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത്, ജല അതോറിറ്റി, ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് നിര്‍ബന്ധമായും പ്രതിനിധികളുണ്ടായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഒരു ജില്ലയില്‍ നിന്ന് ചുരുങ്ങിയത് 100 പേരെ ആദ്യ ഘട്ട പരിശീലനത്തില്‍ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. കാസര്‍കോട് ജില്ലയിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്കുള്ള പരിശീലനം ഇന്ന് നടക്കും. 13ന് കണ്ണൂരിലാണ് രണ്ടാമത്തെ പരിശീലന പരിപാടി. കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന പരിശീലനത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രതിനിധികള്‍ പങ്കെടുക്കും. തൃശൂര്‍, എറണാകുളം ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ പരിശീലനം നടക്കും. സംസ്ഥാനത്താകെ ആദ്യഘട്ടത്തില്‍ ആയിരത്തോളം പേര്‍ക്കാണ് പരിശീലനം നല്‍കുക.

 

---- facebook comment plugin here -----

Latest