നിലമ്പൂര്‍ കൊലപാതകം: ദുരൂഹതകള്‍ ബാക്കി

Posted on: February 12, 2014 6:00 am | Last updated: February 12, 2014 at 3:15 pm

നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായെങ്കിലും ദുരൂഹതകള്‍ മുഴുവന്‍ നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന പ്രചാരണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലീസിനാകുന്നില്ല. മാത്രമല്ല കൊലപാതകം നടന്നത് കോണ്‍ഗ്രസ് ഓഫീസിലാണെന്ന് തെളിഞ്ഞിട്ടും ഓഫീസ് പൂട്ടി സീല്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനാല്‍ വിരലടയാള വിദഗ്ധരുടെ പരിശോധനകള്‍ പ്രഹസനമാണെന്ന ആരോപണങ്ങളുമുയരുന്നു. ഇക്കാരണങ്ങളെല്ലാം സംഭവത്തിലെ ഉന്നതതല ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ അഞ്ചാം തീയതിയാണ് യുവതിയെ കാണാതായത്. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പു ജോലിക്കാരിയായ യുവതിയുടെ തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയില്ലെന്ന ആക്ഷേപങ്ങളുയരുന്നുണ്ട്. ഇതിനിടെയാണ് ഞായറാഴ്ച പൂക്കോട്ടുംപാടം ചുള്ളിയോട്ടെ വിജന സ്ഥലത്തെ കുളത്തില്‍ മൃതദേഹം ചാക്കില്‍ക്കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടത്. ഇതേ തുടര്‍ന്ന് അനിവാര്യ ഘട്ടത്തില്‍ പോലീസ് രണ്ട് പ്രതികളെ പിടികൂടുകയായിരുന്നുവെന്നാണ് ആക്ഷേപം. പരസ്ത്രീ ബന്ധത്തിന്റെയും പണമിടപാടിന്റെയും പേരില്‍ ഭീഷണി മൂലം കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബിജു നല്‍കിയ മൊഴി.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച മൊഴി പ്രതികള്‍ നല്‍കിയതുമില്ല. ഇപ്രകാരമുള്ള ചോദ്യം ചെയ്യല്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതുമില്ല. മുഴുവന്‍ സത്യങ്ങളും പുറത്തുകൊണ്ടുവരണമെന്നും പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളാണുയരുന്നത്. കോണ്‍ഗ്രസ് ഓഫീസില്‍ ഒരു ദിവസം മൃതദേഹം സൂക്ഷിച്ച ശേഷമാണ് കുളത്തില്‍ കൊണ്ടുപോയി താഴ്ത്തിയത്. യുവതിയുടെ തിരോധാനം സംബന്ധിച്ച് പരാതി കിട്ടിയിട്ടും കോണ്‍ഗ്രസ് ഓഫീസ് പരിശോധനയോ ഇതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല.