കുതിക്കാനാകാതെ വെളിച്ചെണ്ണ; ആടിയുലഞ്ഞ് കരുമുളക്

Posted on: February 10, 2014 3:55 pm | Last updated: February 10, 2014 at 3:55 pm

market reviewകൊച്ചി: കുരുമുളക് വിലയില്‍ ശക്തമായ വില വ്യതിയാനം. ചുക്ക് വിലയില്‍ മുന്നേറ്റം. വിപണിയില്‍ കഴിഞ്ഞയാഴ്ചയും വെളിച്ചെണ്ണക്ക് കുതിക്കാനായില്ല. റബ്ബര്‍ മാര്‍ക്കറ്റ് സര്‍ക്കാര്‍ സംഭരണത്തെ ഉറ്റുനോക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില കയറി.
കുരുമുളക് ആഭ്യന്തര വ്യാപാരികളില്‍ നിന്നുള്ള ഡിമാന്‍ഡില്‍ കഴിഞ്ഞ വാരത്തിലെ ആദ്യ പകുതയില്‍ മുന്നേറി. എന്നാല്‍ രണ്ടാം പകുതിയില്‍ കുരുമുളക് ഉത്പന്നങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. വില കയറിയ വേളയിലും വിദേശ വാങ്ങലുകാര്‍ ഉത്പന്നത്തില്‍ കാര്യമായ താത്പര്യം കാണിച്ചില്ല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 53,700 ല്‍ നിന്ന് 54,700 വരെ ഉയര്‍ന്നു. ഇതിനിടയില്‍ ചരക്ക് വരവ് മെച്ചപ്പെട്ടതോടെ വാരാവസാനം വില 53,600 രൂപയായി. വയനാട്ടിലും കൂര്‍ഗ്ഗിലും വിളവെടുപ്പിനു തുടങ്ങിയതിനാല്‍ പുതിയ ചരക്ക് വരവും ഉയരാം. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 51,600 രൂപയാണ്.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ മുളക് ടണ്ണിന് 8700 ഡോളറാണ്. ഇതര ഉത്പാദക രാജ്യങ്ങള്‍ താഴ്ന്ന വിലക്ക് ചരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആഗോള വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിയറ്റ്‌നാം ഈവാരം തിരിച്ച് എത്തുന്നതോടെ മത്സരം ശക്തമാകും.
നാളികേരോത്പന്നങ്ങള്‍ക്ക് പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കാനായില്ല. കൊപ്ര ക്ഷാമം തുടരുകയാണെങ്കിലും കൂടിയ വില നല്‍കി ചരക്ക് എടുക്കാന്‍ മില്ലുകാര്‍ മടിച്ചു. കൊപ്ര വില 8200 ല്‍ നിന്ന് 7905 ലേക്ക് താഴ്ന്നു. വെളിച്ചെണ്ണ 11,450ല്‍ നിന്ന് 11,350 രൂപയായി. പ്രാദേശിക മാര്‍ക്കറ്റില്‍ വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് കുറഞ്ഞു. അതേ സമയം പാം ഓയില്‍ വില്‍പ്പന ഉയരുകയും ചെയ്തു.
റബ്ബര്‍ വിപണിയിലെ പ്രതിസന്ധി വിട്ടുമാറിയില്ല. മാര്‍ക്കറ്റ് വിലയെക്കാള്‍ കിലോ രണ്ട് രൂപ ഉയര്‍ത്തി ചരക്ക് സംഭരിക്കുമെന്ന പ്രഖ്യാപനം വിപണിയില്‍ കാര്യമായ ചലനം ഉളവാക്കിയില്ല. വ്യവസായികളില്‍ നിന്നുള്ള ഡിമാന്‍ഡ് മങ്ങി. അതേ സമയം ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ 14,300 ല്‍ നിന്ന് ശനിയാഴ്ച 14,500 രൂപയായി. അഞ്ചാം ഗ്രേഡ് 13,900 ല്‍ നിന്ന് 14,100 രൂപയായി. ലാറ്റക്‌സ് 11,200 ലും ഒട്ടുപാല്‍ 10,800 ലും മാര്‍ക്കറ്റ് ക്ലോസിംഗ് നടന്നു. കൊച്ചിയില്‍ 1000 ടണ്‍ റബറിന്റെ വ്യാപാരം നടന്നു.
ആഭ്യന്തര വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ആവശ്യക്കാര്‍ എത്തിയതോടെ ചുക്ക് വിപണി ചുടുപിടിച്ചു. രണ്ടാഴ്ചക്കിടയില്‍ 3000 രൂപയുടെ മുന്നേറ്റം ചുക്ക് കാഴ്ചവെച്ചു. സ്‌റ്റോക്ക് നില കുറവായതിനാല്‍ വില ഉയര്‍ത്തിയാണ് പലരും ചരക്ക് എടുക്കുന്നത്. ഉത്പാദന മേഖലകളില്‍ നിന്നു കാര്യമായി ചരക്ക് എത്തുന്നില്ല. മിഡിയം ചുക്ക് 21,500 ലും ബെസ്റ്റ് ചുക്ക് 22,500 ലുമാണ്.
സ്വര്‍ണ വില ചാഞ്ചാടി. പവന്‍ 22,080 രൂപയില്‍ നിന്ന് 22,320 ലേയ്ക്ക് കയറിയ ശേഷം വാരമധ്യം പവന്‍ 22,200 ല്‍ മുന്ന് ദിവസം വിപണനം നടന്നു. ശനിയാഴ്ച വില 22,280 ലാണ്. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിന് 1245 ഡോളറില്‍ നിന്ന് 1269 ഡോളറായി.