മൂന്നാം മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് നിതീഷ് കുമാര്‍

Posted on: February 10, 2014 11:54 am | Last updated: February 11, 2014 at 9:02 am

third frontന്യൂഡല്‍ഹി: കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരായ മൂന്നാം ചേരിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ജെ ഡി യു നേതാവ് നിതീഷ് കുമാര്‍. ഡല്‍ഹിയിലെ മൂന്നാം മുന്നണി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വീട്ടിലാണ് യോഗം നടന്നത്. ജെ ഡി യു, ജനതാദള്‍ (എസ്), സി പി എം, സി പി ഐ എന്നീ കക്ഷികളാണ് യോഗത്തില്‍ പങ്കെടുത്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ബദല്‍ ലക്ഷ്യമിട്ട് 11 മതേതര പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യത്തിന് തീരുമാനിച്ചിരുന്നു. പാര്‍ലിമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും ഇവര്‍ തീരുമാനിച്ചിരുന്നു. സി പി എം, സി പി ഐ, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, സമാജ്‌വാദി പാര്‍ട്ടി, ജെ ഡി യു, എ ഐ എ ഡി എം കെ, ജനതാദള്‍ (എസ്), അസം ഗണപരിഷത്ത്, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ബിജു ജനതാദള്‍ എന്നീ കക്ഷികളാണ് സഖ്യത്തിലുള്ളത്.

നിതീഷ് കുമാര്‍ തലസ്ഥാനത്തെത്തിയതാണ് ഇന്ന് പെട്ടെന്ന് യോഗമുണ്ടാവാന്‍ കാരണമെന്നാണ് നേതാക്കളുടെ വിശദീകരണം. ദേവഗൗഡ, നിതീഷ്‌കുമാര്‍, എ ബി ബര്‍ദന്‍ എന്നിവരാണ് ഇന്ന് യോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍.