Connect with us

Gulf

33 വര്‍ഷത്തെ പ്രവാസം: മുസ്ഥഫ ഹാജി നാട്ടിലേക്ക്‌

Published

|

Last Updated

അല്‍ ഐന്‍: 33 വര്‍ഷത്തെ പ്രവാസം മതിയാക്കി തിരൂര്‍ പച്ചാട്ടിരി സ്വദേശി പെട്ടിയാംപറമ്പില്‍ മുസ്ഥഫ ഹാജി നാട്ടിലേക്ക്. 1980 ഡിസംബര്‍ 15 ന് ബോംബെ വഴി സന്ദര്‍ശന വിസയിലാണ് ഹാജി അല്‍ ഐനില്‍ എത്തുന്നത്. ശൈഖ് ഈസ ഇബ്‌നു സായിദ് അല്‍ നഹ്‌യാന്റെ മസ്ഊദിലെ കൊട്ടാര പരിപാലകനായി പ്രവര്‍ത്തിച്ചുവരികയാണ്.
1981ല്‍ അല്‍ ഐന്‍ മസ്ഊദിയില്‍ മസ്ഊദി ഇസ്‌ലാമിക് സാഹിത്യ സമിതി എന്ന സംഘടന രൂപവത്കരിച്ച് പരേതനായ കുഞ്ഞയമു മുസ്‌ലിയാര്‍ പ്രസിഡന്റും മുസ്ഥഫ ഹാജി സെക്രട്ടറിയുമായ 20 അംഗ കമ്മിറ്റി രൂപവത്കരിച്ച് സംഘടനാ രംഗത്ത് സജീവമായി. ആ കാലയളവില്‍ സംഘടനക്കു കീഴില്‍ ഇസ്‌ലാമിക് ബുക്ക് ലൈബ്രറി, ഓഡിയോ ലൈബ്രറി, മത പഠന വേദി, സാധ സംരക്ഷണം തുടങ്ങിയവക്ക് നേതൃത്വം നല്‍കി. പിന്നീട് മര്‍കസ്സുസ്സഖാഫത്തിസ്സുന്നിയ്യ അല്‍ ഐന്‍ കമ്മിറ്റി രൂപവത്കരിച്ചത് മുതല്‍ അതിന്റെ മുന്‍ നിരയിലും 90 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷം എസ് വൈ എസ് അല്‍ ഐന്‍ സെന്‍ട്രല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചു. വെട്ടിച്ചിറ, നിലമ്പൂര്‍ ഇരിങ്ങല്ലൂര്‍, അരീക്കോട് മജ്മഅ് സ്ഥാപനങ്ങളുടെ സെക്രട്ടറിയായും കുറ്റിയാടി സിറാജുല്‍ ഹുദയുടെ പ്രവര്‍ത്തകനുമായിരുന്നു. അല്‍ ഐനിലെ സംഘടനാ കുടുംബത്തിലെ കാരണവരായി പ്രവര്‍ത്തിക്കുന്ന ഹാജിയുടെ മടക്കം പ്രവര്‍ത്തകരില്‍ ദുഃഖമുളവാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നാട്ടില്‍ നിന്നും എത്തിയിരുന്ന അഞ്ച് സിറാജ് ദിനപത്രത്തില്‍ ഒന്ന് മുസ്ഥഫ ഹാജിക്കായിരുന്നു. പ്രവാസ ജീവിതത്തിനിടെ, നാട്ടില്‍ നിന്ന കൊച്ചി വഴി ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈലസ്ഫ്രി എന്ന കപ്പലില്‍ യാത്ര ചെയ്തത് രസകരമായ അനുഭവമായിരുന്നുവെന്ന് ഹാജി ഓര്‍ക്കുന്നു. ആറ് ദിവസത്തെ യാത്രക്കൊടുവില്‍ കപ്പല്‍ റാശിദിയ്യ തീരത്ത് അണഞ്ഞു.
ഏറ്റവും കൂടുതല്‍ വിഷമിച്ച സാഹചര്യം, പിതാവ് മരിച്ച വിവരം നാലാം ദിവസം നാട്ടില്‍ നിന്നുമുള്ള പത്രത്തില്‍ നിന്നും കൂട്ടുകാരന്‍ മുഖേന അറിഞ്ഞപ്പോഴാണ്.
അന്ന് നാട്ടിലെയും വീട്ടിലെയും വിവരങ്ങള്‍ അറിയാന്‍ ദിവസങ്ങള്‍ എടുക്കുമായിരുന്നു. കത്തയച്ചാല്‍ 15-20 ദിവസം വരെയാകും ലഭിക്കാന്‍. പിതാവിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് നാട്ടില്‍ പോകാന്‍ കഴിഞ്ഞത്. ആ കാലങ്ങളിലെ യാത്ര വളരെ ദുഷ്‌കരമായിരുന്നു. സഹോദരിമാരെ നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചയക്കാനും അത്യാവശ്യം സൗകര്യമുള്ള ഒരു വീട് പണിയാനും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും കഴിഞ്ഞതാണ് പ്രവാസ ജീവിതത്തിലെ സമ്പാദ്യമായി ഹാജി കാണുന്നത്. ഒരു മകന്‍ മുനീബ് ദുബൈയില്‍ എമിറേറ്റ്‌സ് പോസ്റ്റ് ഓഫീസ് ജീവനക്കാരനും ആര്‍ എസ് സി കറാമ യൂണിറ്റ് പ്രവര്‍ത്തകനുമാണ്. മറ്റുമക്കള്‍: നസീഫ് (ഡിഗ്രി വിദ്യാര്‍ഥി), അഫ്‌സ (12-ാം തരം വിദ്യാര്‍ഥിനി), ഉസ്‌ന. പരേതനായ രായീന്‍ കുട്ടി-ആമിന ഹജ്ജുമ്മയുടെ മകനാണ്.
ശിഷ്ട കാലം വൃദ്ധ മാതാവിന്റെ സംരക്ഷണവും നാട്ടിലെ സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ആഗ്രഹമെന്ന് ഹാജി പറഞ്ഞു. ഹാജിയെ ബന്ധപ്പെടാവുന്ന നമ്പര്‍: 050-7638949.

Latest