Connect with us

National

ലെഫ്. ഗവര്‍ണറും എ എ പി സര്‍ക്കാറും തുറന്ന പോരിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ വിഷയവുമായി ബന്ധപ്പെട്ട് എ എ പി സര്‍ക്കാര്‍ ലെഫ്. ഗവര്‍ണറുമായി തുറന്ന പോരിലേക്ക്. മന്ത്രിസഭ അംഗീകരിച്ച ജന്‍ ലോക്പാല്‍ ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിന് കത്തെഴുതി. അതിനിടെ, ഗവര്‍ണര്‍ കോണ്‍ഗ്രസ് ഏജന്റാണെന്ന് എ എ പി നേതാവ് അശുതോഷ് ആരോപിച്ചു.
ലോക്പാല്‍ ബില്ലിന്റെ നിയമസാധുതയില്‍ ഊന്നിയാണ് കെജ്‌രിവാളിന്റെ കത്ത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എ എ പിയുടെ പ്രധാന വാഗ്ദാനമായിരുന്നു ലോക്പാല്‍ ബില്‍. ഒരു പാര്‍ട്ടിയുടെയും ഏജന്റായി പ്രവര്‍ത്തിക്കരുതെന്നും ഭരണഘടനാ പദവിയാണ് വഹിക്കുന്നതെന്ന് ഓര്‍മ വേണമെന്നും ഗവര്‍ണറെ കെജ്‌രിവാള്‍ ഉപദേശിച്ചു. സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്റെ നിയമോപദേശം തേടിയിരുന്നു. ഗവര്‍ണറും സോളിസിറ്റര്‍ ജനറലും തമ്മിലുള്ള കത്തിടപാട് കഴിഞ്ഞ ദിവസം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കമായത്. ഡല്‍ഹി സര്‍ക്കാറിന്റെ ജന്‍ ലോക്പാല്‍ ബില്‍ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം. പാര്‍ലിമെന്റ് കഴിഞ്ഞ വര്‍ഷം പാസാക്കിയ ലോക്പാല്‍, ലോകായുക്ത നിയമം പ്രാബല്യത്തിലുണ്ടെന്നും ഇതുകൂടാതെ മറ്റൊന്ന് കേന്ദ്ര നിയമത്തിന് അപ്രിയമാകുമെന്നും നിയമോപദേശത്തില്‍ പറയുന്നു.
അതേസമയം, കേന്ദ്രത്തിന്റെ അംഗീകാരം വേണ്ടെന്ന നിലപാടാണ് ഡല്‍ഹി സര്‍ക്കാറിന്റെത്. ബില്ലിന് രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ അംഗീകാരം വേണ്ടെന്ന് സ്പീക്കര്‍ മണീന്ദര്‍ സിംഗ് ധീര്‍ പറഞ്ഞു.