Connect with us

Editorial

ഫെഡറല്‍ മുന്നണി

Published

|

Last Updated

കേന്ദ്രഭരണം കൈയാളുന്ന യു പി എയിലും മുഖ്യ പ്രതിപക്ഷ മുന്നണിയായ എന്‍ ഡി എയിലും ഉള്‍പ്പെടാത്ത പതിനൊന്ന് കക്ഷികള്‍ ഫെഡറല്‍ മുന്നണി രൂപവത്കരിക്കുകയും പാര്‍ലിമെന്റില്‍ ഒറ്റ ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചിരിക്കയുമാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് മൂന്നാം മുന്നണി എന്ന വിശാല ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള ആദ്യ ഘട്ടമാണിതെന്നും, മുന്നണിയിലെ കക്ഷികള്‍ സഹകരണത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് നാല് ഇടതുപാര്‍ട്ടികളുടെയും സമാജ്‌വാാദി, ജെ ഡി യു, അണ്ണാ ഡി എം കെ, എ ജി പി, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ജെ ഡി എസ്, ബി ജെ ഡി പാര്‍ട്ടികളുടെയും നേതാക്കള്‍ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെ, മതേതര ഇന്ത്യ ആശങ്കയിലാണ്. ഒരു ഭാഗത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയും മറുവശത്ത് ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എയും നിലയിറപ്പിച്ചു കൊണ്ടുള്ള പോരാട്ടമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്ത് നടക്കുന്നത്. ആസന്നമായ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആധിപത്യം നിലനിര്‍ത്താനായി കോണ്‍ഗ്രസ് തകൃതിയായ ഒരുക്കങ്ങള്‍ നടത്തവെ, ഇന്ദ്രപ്രസ്ഥം തിരിച്ചു പിടിക്കാനുള്ള അടവുകള്‍ പയറ്റിക്കൊണ്ടിരിക്കയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും പാവപ്പെട്ടവരെയും സാധാരണക്കാരെയും വിസ്മരിച്ചു സമ്പന്നരുടെയും കോര്‍പ്പറേറ്റുകളുടെയും താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ ഭീകരത കടിഞ്ഞാണ്‍ പിടിക്കുന്ന ബി ജെ പിയെ ഭയാശങ്കയോടെയാണവര്‍ വീക്ഷിക്കുന്നത്. അഴിമതിരഹിതമായ, സാധാരണക്കാരുടെ വികാരങ്ങള്‍ മാനിക്കുന്ന ഒരു മതേതര ഭരണമാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നതെന്നാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലവും തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ കൈവന്നുകൊണ്ടിരിക്കുന്ന അംഗീകാരവും വ്യക്തമാക്കുന്നത്. മൂന്നാം മുന്നണി രുപവത്കരണത്തിലേക്ക് സി പി എം അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളെ നയിച്ച സാഹചര്യമിതായിരിക്കണം. മൂന്നാം ബദല്‍ പ്രായോഗികമല്ലെന്നും ഇടതുപക്ഷ ജനാധിപത്യ ഐക്യം മാത്രമേ സാധ്യമാകൂ എന്നുമായിരുന്നു നേരത്തെ സി പി എം നിലപാട്.
പാര്‍ലിമെന്റില്‍ ഒറ്റ ബ്ലോക്കാകാനുള്ള തീരുമാനം മൂന്നാം മുന്നണി രുപവത്കരണത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണ്. ഇനിയുള്ള നീക്കങ്ങളാണ് മുഖ്യവും ദുര്‍ഘടവും. മുന്നണിയുടെ നയമെന്തായിരിക്കണം? ആരു നയിക്കണം? സര്‍ക്കാര്‍ രുപവത്കരണത്തിന് സാധ്യത തെളിഞ്ഞാല്‍ ആര് നേതൃത്വം നല്‍കണം? തുടങ്ങിയ കാര്യങ്ങള്‍ അതിപ്രധാനമാണ്. കോണ്‍ഗ്രസിനെയും ബി ജെ പിയെയും പോലെ ദേശീയ തലത്തില്‍ ശക്തമായ വേരോട്ടമുള്ള കക്ഷികളൊന്നുമില്ല ഫെഡറല്‍ മുന്നണിയില്‍. സി പി എം നേതൃത്വം നല്‍കുന്ന ഇടതുസഖ്യമാണ് കൂട്ടത്തില്‍ അല്‍പ്പമെങ്കിലും പരിഗണനാര്‍ഹമെങ്കിലും പ്രധാനമന്ത്രി പദത്തില്‍ കണ്ണുള്ളവരാണ് മുലായമിനെയും ദെവഗൗഡയെയും ജയലളിതയെയും പോലുള്ള നേതാക്കള്‍.
ഇടതുപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍ ആദര്‍ശത്തിന്റെയും നയങ്ങളുടെയും കാര്യത്തില്‍ വട്ടപ്പൂജ്യമാണ് മറ്റു കക്ഷികള്‍. അധികാരത്തില്‍ കടന്നുപറ്റാന്‍ തരം കിട്ടിയാല്‍ ഇവരുടെ കോണ്‍ഗ്രസ്, ബി ജെ പി വിരോധം പമ്പകടക്കും. അവസരവാദപരമായി യു പി എയിലും എന്‍ ഡി എയിലും ചേക്കേറിയിട്ടുണ്ട് ഇവയില്‍ പലതും. നയങ്ങളുടെ പേരിലായിരുന്നില്ല, സ്ഥാപിത താത്പര്യങ്ങളെച്ചൊല്ലിയായിരുന്നു പ്രസ്തുത ബന്ധങ്ങള്‍ ഉപേക്ഷിച്ചത്. നയപരമായ വിഷയങ്ങളിലുള്ള ഈ അവ്യക്തത കൊണ്ടായിരിക്കണം തിരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കുന്നതിന് പകരം സഹകരണം മതിയെന്നു വെച്ചത്. എന്നാല്‍ കൃത്യമായ ഘടനയും പ്രകടനപത്രികയും അധികാരവിഭജനവും നേരത്തെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജനങ്ങള്‍ എങ്ങിനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. പ്രകാശ് കാരാട്ട് മുമ്പൊരിക്കല്‍ അഭിപ്രായപ്പെട്ടതു പോലെ അപ്പക്കഷ്ണങ്ങള്‍ പങ്കുവെക്കുന്നതിനു വേണ്ടി മാത്രം മുന്നണിയുണ്ടാക്കുക എന്ന രാഷ്ട്രീയ അവസരവാദ നയത്തിനു പകരം സാധാരണക്കാരന്റെ ജീവിത പരിതഃസ്ഥിതികള്‍ മെച്ചപ്പെടുത്തുകയും നാടിന്റെ പുരോഗതിക്കു സഹായകമായ ബദല്‍ നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന ഭരണം ലക്ഷ്യമാക്കിയുള്ള ഐക്യത്തിലാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ.