Connect with us

Articles

''ആപ്പി'ലിപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്‌

Published

|

Last Updated

“നമ്മള്‍, ജനങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ ഭരണത്തിന്മേല്‍ യാതൊരു നിയന്ത്രണവും ഇല്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഇരിക്കുന്നവര്‍ അന്യായമായി ധനവും വസ്തുവകകളും സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കു മേലെയും നമുക്കൊരു നിയന്ത്രണവുമില്ല. സര്‍ക്കാര്‍ ഫണ്ടുകളില്‍ന്മേലും നമുക്ക് യാതൊരു നിയന്ത്രണവുമില്ല. സര്‍ക്കാറിന്റെ നയങ്ങള്‍ മാറുമ്പോഴും നമ്മള്‍ മൗനികളായി നോക്കിനില്‍ക്കുകയാണ്. നിയമനിര്‍മാണ പ്രക്രിയയിലും നമുക്ക് നിയന്ത്രണമില്ല. പാര്‍ലിമെന്റിലും സംസ്ഥാന സഭയിലും തീരുമാനിക്കപ്പെടുന്ന ഒരു നടപടിക്കെതിരെയും ചോദ്യം ചെയ്യാന്‍ നമുക്ക് നിയന്ത്രണാധികാരം ഇല്ല. ~ഒരു സൂക്ഷ്മ പരിശോധന പോലും നടത്താതെ ബുദ്ധിഹീനമായി, നമ്മുടെ നാടിന്റെ സമ്പത്തുകളായ ധാതുക്കളും വനവും ജലവും മറ്റെല്ലാ പ്രകൃതിവിഭവങ്ങളും വിറ്റുതുലക്കുന്നതിനെതിരെ നമുക്കൊരു നിയന്ത്രണവുമില്ല. നമ്മുടെ രാജ്യം തന്നെ വില്‍പ്പനക്കു വെച്ചിരിക്കുന്നു. നമ്മള്‍ ജനങ്ങള്‍ നിസ്സഹായരായി, രോഷം ഉള്ളിലൊതുക്കി മൂകസാക്ഷികളായി നിലകൊള്ളുന്നു.”

സ്വരാജ്- അരവിന്ദ് കെജ്‌രിവാള്‍

നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ കണ്ട് മനസ്സ് മരവിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് ജനങ്ങള്‍ക്കു മുമ്പിലേക്ക്, ജനങ്ങള്‍ ജനാധിപത്യത്തില്‍ അവരുടെ പങ്കിനെക്കുറിച്ച് വിചിന്തനം നടത്തണമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് പുതിയൊരു പ്രസ്ഥാനം, ആം ആദ്മി (ആപ്) പാര്‍ട്ടി രംഗപ്രവേശം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പോളിംഗ് ബൂത്തിലെത്തി ബട്ടണമര്‍ത്തുന്നതോടെ തീരുന്നതാണോ ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്ക് എന്നതിനെക്കുറിച്ച് സമഗ്രമായി വിശകലനം ചെയ്യണമെന്നാണ് ആം ആദ്മി മുന്നോട്ടുവെക്കുന്നത്. കാര്യം ന്യായമാണ്. ഒരു തലത്തില്‍ പറഞ്ഞാല്‍ ആ നിലക്ക് ചിന്തിക്കേണ്ട ഘട്ടത്തിലാണ് രാജ്യത്തെ സാധാരണ ജനങ്ങള്‍ എത്തിയിരിക്കുന്നത്. പ്രാദേശിക, ജാതിമത താത്പര്യങ്ങളില്ലാതെ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ഇന്ത്യയില്‍ രൂപംകൊള്ളുന്ന ആദ്യത്തെ പാര്‍ട്ടി എന്ന വിശേഷണം അവകാശപ്പെടുന്ന ആം ആദ്മിക്ക് ശരവേഗത്തില്‍ ലഭിക്കുന്ന സ്വീകാര്യതയില്‍, മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്കുള്ള വെറുപ്പും രോഷവും മടുപ്പും പ്രകടമാണ്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമേ ജനതക്കുള്ളൂവെന്നും അതോടുകൂടി അവരുടെ “ഡ്യൂട്ടി” കഴിഞ്ഞെന്നും ജനാധിപത്യത്തില്‍ മറ്റൊരു പങ്കും അവര്‍ക്കില്ലെന്നും സഭയിലും മറ്റും എടുക്കുന്ന തീരുമാനങ്ങള്‍ (ജനവിരുദ്ധമായതും) അനുഭവിക്കുക മാത്രമാണ് അടുത്ത പടിയായി ജനങ്ങളുടെ കടമയെന്നുമുള്ള രീതി, രാജ്യത്തെ ഭരണ സംവിധാനത്തില്‍ അടിയുറച്ചിരിക്കുമ്പോഴാണ്, ജനങ്ങളാണ് ഭരിക്കേണ്ടതെന്നും ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും ജനങ്ങളാണ് നടപ്പാക്കേണ്ടതെന്നും ജനങ്ങള്‍ പ്രഖ്യാപിക്കുന്നവരാണ് മന്ത്രിമാരാകേണ്ടതെന്നും ആം ആദ്മിയെ പോലെ പുതിയൊരു പ്രസ്ഥാനം ശീലിക്കാന്‍ പറയുന്നത്. ഇത് പുതിയ സന്ദേശമല്ലേ?
ഡല്‍ഹിയിലെ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നതു കണ്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്വീകാര്യതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ഉയരുന്നത്. ആപ് ഏറ്റെടുത്ത “ബിജ്‌ലി, പാനി” സമരം അതിവേഗത്തിലാണ് പടര്‍ന്നുപന്തലിച്ചത്. തുടര്‍ന്ന് സര്‍ക്കാറിന്റെ ജനവിരുദ്ധനീക്കത്തിനെതിരെയും അഴിമതിക്കെതിരെയും സമരപരമ്പരകള്‍ തന്നെ ആം ആദ്മിയുടെ നേതൃത്വത്തില്‍ അരങ്ങേറുകയും അവക്കെല്ലാം അകമഴിഞ്ഞ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍ കൈവരികയും ചെയ്തു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും സ്വന്തം നിലനില്‍പ്പിനും വേണ്ടി മാത്രം സമരം നയിച്ചിരുന്ന മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി, ജനകീയ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചുള്ള സമരത്തില്‍ അണിനിരന്ന ആം ആദ്മിയെ തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമായി മാറ്റുന്ന കര്‍മം ജനം സ്വയം ഏറ്റെടുക്കുകയായിരുന്നു.
“എന്റെ രാജ്യ”മായിരിക്കുന്നതുകൊണ്ടു തന്നെ എന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് എനിക്ക് എന്റെ രാജ്യത്തെ നിയന്ത്രിക്കാന്‍ കഴിയണം. അതുകൊണ്ട് സ്വയംഭരണമെന്നതും ജനക്ഷേമമെന്നതും ഇത് ലക്ഷ്യം വെക്കുന്നുണ്ട്. അതാണ് സ്വരാജ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അതിനായാണ് നിലകൊള്ളേണ്ടത് എന്നും ആം ആദ്മി പാര്‍ട്ടി വാദിക്കുന്നു. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുത്തവര്‍ ഭരിക്കുന്ന ജനാധിപത്യ രാജ്യമാണ് നമ്മുടെത്. അതുകൊണ്ടു തന്നെ അവിടെ നമ്മളുടെ (ജനങ്ങളുടെ) ക്ഷേമത്തിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് നമ്മള്‍, ജനങ്ങള്‍ തന്നെയാണെന്നും ആ ആദ്മി അടിവരയിട്ടുണര്‍ത്തുന്നുണ്ട്.
ജനക്ഷേമത്തിനു ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥയെന്താണ്? സബ്‌സിഡിത്തുകപോലും വെട്ടിക്കുറിച്ച് ദിനേനയെന്നോണം സാധാരണക്കാരായ ജനങ്ങളെ പട്ടിണിയില്‍ നിന്ന് മുഴുപ്പട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് രാജ്യത്തിന്മേല്‍ ഉള്ള അവകാശം നിമിഷം തോറും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മത്സരബുദ്ധിയോടെയാണ് പരമ്പരാഗത പാര്‍ട്ടികളുടെ സഞ്ചാരം. കോടികള്‍ കമ്മീഷന്‍ കൈപ്പറ്റി വികസന പദ്ധതികളെന്ന് ഉദ്‌ഘോഷിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഫലം അനുഭവിക്കുന്നത് ജനങ്ങളാണോ അതോ ഇടനിലക്കാരായ ഉദ്യോഗസ്ഥരാണോ? രാജ്യത്തിന്റെ വികസന മുരടിപ്പിനും സാമൂഹിക ക്ഷേമ പദ്ധതികളിലുണ്ടാകുന്ന ചോര്‍ച്ചക്കും പ്രധാന കാരണം നമ്മുടെ രാജ്യത്ത് അഴിഞ്ഞാടുന്ന അഴിമതിയാണ്. അത് നിയന്ത്രിക്കാനാകാത്ത വിധം എല്ലാ സീമയും ലംഘിച്ച് മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു. പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വോട്ട് ചെയ്യാനും വരെ കോഴ എന്നിടത്തെത്തിയ നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിന്റെ അധഃപതനം എത്രത്തോളമെന്നത് ഏറെ ലജ്ജാകരമാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ കടന്നുകയറിയും നയപരിപാടികളെ സ്വാധിനീച്ചും കൈയടക്കി നിയന്ത്രിച്ചുമുള്ള അഴിമതിയും രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അപരാധമാണ്. പാര്‍ട്ടി ഫണ്ട് ശേഖരത്തില്‍ മുതല്‍ സര്‍ക്കാര്‍ രൂപവത്കരണം, സര്‍ക്കാറിനെ താഴെയിറക്കല്‍ തുടങ്ങി സകല മേഖലകളും അഴിമതിയില്‍ അകപ്പെട്ട് ശ്വാസം മുട്ടിനില്‍ക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് ഏറിയ പങ്കും അപഹരിച്ച വന്‍ അഴിമതിക്ക് വരെ രാജ്യം സാക്ഷിയായി. ഇവിടെയാണ് ചില പ്രസ്ഥാനങ്ങളുടെ കടന്നുവരവ് പ്രാധാന്യമര്‍ഹിക്കുന്നത്. സാമാന്യ ജനത്തിന് അവ കണ്ടില്ലെന്ന് നടിച്ചു പുറംതിരിഞ്ഞിരിക്കാന്‍ കഴിയാത്ത വിധം പരിതാപകരമാക്കി മാറ്റിയിരിക്കുന്നു, ഇതുവരെ രാജ്യം ഭരിച്ച സര്‍ക്കാറുകള്‍.
സുരക്ഷാ വാഹനത്തിന്റെ അകമ്പടിയോടെ, ഏറെ അകലം പാലിച്ച് ഒരു ബന്ധവുമില്ലാതെ ചീറിപ്പായുന്ന ജനപ്രതിനിധികളെ മാത്രം കണ്ടുശീലിച്ച ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയായ ദിവസം തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയും ചുവന്ന ലൈറ്റുള്ള വാഹനമുപേക്ഷിച്ചും പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കമിടുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍. സാധാരണ ജനങ്ങളും ജനപ്രതിനിധികളും തമ്മില്‍ അന്തരമില്ലെന്നും പൊതുപ്രവര്‍ത്തകര്‍ ജനസേവകരാണെന്നുമുള്ള ബോധം ഉണര്‍ത്തുന്നതായിരുന്ന ഈ പ്രകടനമത്രയും. ഇതിന്റെ തുടര്‍ച്ചയായി “ആം ആദ്മിക്കു പഠിക്കുന്ന” മറ്റു പാര്‍ട്ടികളുടെ പല നേതാക്കളെയും കണ്ടെത്താനായി. രാഹുല്‍ ഗാന്ധി ചില അവസരത്തിലെങ്കിലും ആം ആദ്മിയുടെ ശിഷ്യത്വം സ്വീകരിച്ചുവെന്ന് തോന്നിപ്പിക്കുന്ന നിലപാടുകളും ഇടപെടലുകളും നടത്തിയതിന് രാജ്യം സാക്ഷിയായി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് സഞ്ചരിച്ച് അനുകരണം ഭംഗിയാക്കി. അതുപോലെ മറ്റു പല നേതാക്കളും ഈ “അഭിനയം” ആവര്‍ത്തിച്ചു. പല സംസ്ഥാനങ്ങളിലുമുള്ള ചില നേതാക്കള്‍ “എട്ടുകാലി മമ്മൂഞ്ഞ്”മാരെപ്പോലെ ആം ആദ്മിയെക്കുറിച്ച് “അതും ഞമ്മളാ” എന്ന് വാതോരാതെ വിളിച്ചുപറഞ്ഞു. ഇതെല്ലാം വ്യക്തമാക്കുന്നത് പലരിലും ചെറു ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നതു തന്നെയാണ്.
ഡല്‍ഹിയില്‍ ആം ആദ്മി ഭരണമേറ്റെടുത്ത ഉടന്‍ തന്നെ അഴിമതിക്കെതിരെ പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായി അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിച്ചറിയിക്കാന്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതും മറ്റു പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ലജ്ജിപ്പിക്കുന്ന തീരുമാനമായിരുന്നു. ആം ആദ്മിയുടെ ഇത്തരം നീക്കമാണ് അതിലേക്കുള്ള പൊതുപ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും സാധാരണക്കാരായ നിരവധി പേരുടെയും ലാഭക്കൊതിയില്ലാത്ത കടന്നുവരവ് വ്യക്തമാക്കുന്നത്.
ആപ്പിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കിയെങ്കിലും പല കോണുകളില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നത് വ്യക്തമാണ്. താത്കാലികമായി ഉയര്‍ന്നു വന്ന ഒരു പ്രതിഭാസം മാത്രമാണോ ആപ് എന്നും ഡല്‍ഹിയില്‍ മാത്രമായി ഒതുങ്ങുന്നതാകുമോ ആപിന്റെ ആയുസ്സെന്നും പരാമ്പരാഗത രാഷ്ട്രീയ ശക്തികള്‍ ഇതിനെ മുളയിലേ നുള്ളിക്കളയുമോ എന്നെല്ലാമുള്ള സംശയങ്ങള്‍. ഇത് സ്വാഭാവികമാണ്. എന്നാല്‍, ഈ ആശങ്കകള്‍ അസ്ഥാനത്താക്കുന്ന സ്വീകാര്യതയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുതിയ പാര്‍ട്ടിക്ക് ലഭിക്കുന്നത്. ജനങ്ങള്‍ ബദല്‍ ആഗ്രഹിക്കുന്നുണ്ടെന്നു തന്നെയല്ലേ അതില്‍ അടങ്ങിയിരിക്കുന്ന സന്ദേശം? ഇത്തരത്തില്‍ ജനങ്ങളെ വഴിതിരിച്ചുവിടുന്നതിലേക്ക് എത്തിച്ചതിന്റെ “ക്രെഡിറ്റ്” രാജ്യത്ത് നടമാടുന്ന ഭരണസംവിധാനത്തിനല്ലാതെ മറ്റെന്തിനാണ്?
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കന്മാരുടെ പട്ടിക പുറത്തിറക്കുന്ന നീക്കവുമായാണ് ആംആദ്മി മുന്നോട്ടുപോകുന്നത്. കാര്യമെന്തായാലും, എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് അഴിമതിയിലൂടെ രാജ്യത്തെ അപ്പാടെ വിറ്റുതുലക്കുന്നവര്‍ക്കും വര്‍ഗീയതയുടെ വാളേന്തി അഖണ്ഡ ഭാരതത്തെ ശൂലത്തില്‍ തറക്കാന്‍ നീക്കം നടത്തുന്നവര്‍ക്കും കൊലക്കത്തി രാഷ്ട്രീയത്തിന്റെ കുന്തമുനയേന്തിനില്‍ക്കുന്നവര്‍ക്കും തെല്ലൊന്നു ചിന്തിക്കാനുള്ള അവസരമാണ് ആപ് നല്‍കുന്നത്. ചുരുങ്ങിയ പക്ഷം “വമ്പന്‍ സ്രാവുകളുടെ” പ്രവര്‍ത്തന രീതി അല്‍പ്പമെങ്കിലും മാറ്റത്തിന് വിധേയമാക്കാനുള്ള, പുനര്‍ചിന്തനം നടത്താനുള്ള അവസരമാണ് ആപ് എന്ന “നത്തോലി” നല്‍കുന്നതെന്ന് സാരം. നിലവിലെ രാജ്യത്തെ ഭരണാവസ്ഥയില്‍ മനംനൊന്ത് സമ്മതിദാനാവകാശം പോലും “നിഷേധ വോട്ടാ”ക്കി മാറ്റാന്‍ തീരുമാനിച്ചവരുടെയെങ്കിലും രക്ഷക്ക് ആം ആദ്മിയെത്തും. അതൊരു പ്രതീക്ഷത്തുരുത്തായി വളര്‍ന്നു ചിലപ്പോള്‍ പന്തലിച്ചേക്കാം.
വര്‍ഗീയതക്കും ക്രിമിനല്‍വത്കരണത്തിനും അപ്പുറമാണ് യഥാര്‍ഥ രാഷ്ട്രീയമെന്നും കഴിവും ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ളവര്‍ക്ക് കടന്നുവരാവുന്ന മേഖലയാണിതെന്നും രാജ്യഭരണത്തില്‍ സംശുദ്ധിക്ക് ഇപ്പോഴും പ്രാധാന്യമുണ്ടെന്നുമുണര്‍ത്തുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശത്തിന്റെ ഒരു പാഠം. ഇതുവരെയുള്ള രാഷ്ട്രീയ പാര്‍ട്ടി ചിന്താഗതിയില്‍ നിന്നും വേറിട്ടു നിന്നിരുന്ന യുവാക്കളെ പോലും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ പടര്‍ന്നു പന്തലിച്ച് മാറിച്ചിന്തിക്കാന്‍ പ്രാപ്തമാക്കിയതും ഇതുകൊണ്ടുതന്നെ. കുറഞ്ഞ പക്ഷം രാഷ്ട്രീയത്തിലെ സംശുദ്ധീകരണം എന്ന സന്ദേശമെങ്കിലും ഇപ്പോള്‍ രാജ്യത്തിന്റെ ബോധമണ്ഡലത്തില്‍ വേരുറപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ഭരണ പ്രക്രിയകളിലെ ശുദ്ധീകരണത്തിനെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം ഉപകരിക്കും. ഇത് വലിയൊരു മാറ്റമാകും ജനാധിപത്യ സമ്പ്രദായത്തില്‍ വരുത്തുക. ഒന്ന് തീര്‍ച്ചപ്പെടുത്താം. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മത്സരിപ്പിക്കാന്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ സംശുദ്ധമായ വ്യക്തിത്വത്തിനുടമയാണെന്ന് തീര്‍ച്ചപ്പെടുത്തേണ്ടത് ഇനി അനിവാര്യമാകും. ഭാവിയിലെ അവരുടെ പ്രവര്‍ത്തനത്തില്‍ പഴുതില്ലാതെ ധാര്‍മികത പാലിക്കേണ്ടതിനെപ്പറ്റിയും കൂലങ്കഷമായി ചിന്തിക്കേണ്ടിവരും. ആ ഒരു സന്ദേശം തന്നെയല്ലേ ജനാധിപത്യ രാജ്യത്തിന് നിലവിലെ അവസ്ഥയില്‍ ആം ആദ്മിയെപ്പോലുള്ള പാര്‍ട്ടിക്ക് നല്‍കാനുള്ളതും.

abdulaneeskt@gmail.com

Latest