ലാവ്‌ലിന്‍ ഇടപാടിനെ അനുകൂലിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം

Posted on: February 6, 2014 8:25 pm | Last updated: February 6, 2014 at 8:55 pm

snc lavalinകൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടിനെ അനുകൂലിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിഎജി നല്‍കിയ റിപ്പോര്‍ട്ട് അതിശയോക്തി കലര്‍ന്നതാണെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാറിന്റെ നിലവിലുള്ള നയങ്ങള്‍ക്കു ഘടക വിരുദ്ധമായാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്.

ലാവ്‌ലിന്‍ കമ്പനി കരാര്‍ കൃത്യമായി പാലിച്ചു. കമ്പനി ബാധ്യതകളെല്ലാം തീര്‍ത്തിട്ടുണ്ട്. ഗ്രാന്റ് നല്‍കിയില്ലെന്ന സിഎജി കണ്ടെത്തല്‍ തെറ്റാണെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ലാവ്‌ലിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കനേഡിയന്‍ കമ്പനിയായ എസ്എസ്എന്‍സി ലാവ്‌ലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പുവെച്ചതില്‍ സിഎജി ക്രമക്കേട് കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അന്തിമ കരാറില്‍ ഒപ്പുവെച്ച ഇടപാടില്‍ പൊതു ഖജനാവിന് 374 കോടി രൂപയോളം നഷ്ടം സംഭവിച്ചെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്റില്‍ 89.32 കോടിയോളം നഷ്ടമായെന്നും സിഎജി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2007 ജനുവരി 16ന് സിബിഐക്ക് വിട്ട കേസില്‍ 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതി ചേര്‍ത്തത്. 1996 മെയ് മുതല്‍ 1998 ഒക്ടോബര്‍ വരെ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള കരാറില്‍ അഴിമതിയുണ്ടെന്നാണ് സിബിഐ നിലപാട്. ക്യാന്‍സര്‍ സെന്ററിനുള്ള കരാറിലും ക്രമക്കേട് നടന്നു. സെന്ററിനായുള്ള ധനസഹായം നേടിയെടുക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയെന്നും സിബിഐ ആരോപിക്കുന്നു.
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ നേരത്തെ ക്രൈം നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് നാല് ജഡ്ജിമാര്‍ പിന്‍വാങ്ങുകയും ചെയ്തു.