ടയര്‍ കത്തിച്ചാല്‍ പത്ത് കോടി രൂപ പിഴ

Posted on: February 6, 2014 9:49 am | Last updated: February 7, 2014 at 12:35 am

tyre burning

പൂനെ: സമരക്കാരുടെ ഇഷ്ട ഇനമായ ടയര്‍ കത്തിക്കല്‍ ഇനി നടപ്പില്ല. പ്രതിഷേധത്തിലും പ്രതിഷേധത്തിലും അല്ലാതെയും ടയര്‍ കത്തിക്കുന്നവര്‍ക്ക് പത്തു കോടി രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവുമാണ് ശിക്ഷ. ദേശീയ ഹരിത ട്രെബ്യൂണലിന്റെ പശ്ചിമ മേഖലാ ബെഞ്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. പൊതുസ്ഥലങ്ങള്‍, ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ടയര്‍ കത്തിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരും.

പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹയോഗ് ട്രസ്റ്റാണ് മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാറിനും എതിരെ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മനുഷ്യനും പ്രകൃതിക്കും ഗുരുതരമായ നാശമാണ് ടയര്‍ കത്തിക്കുന്നതുമൂലം ഉണ്ടാവുക എന്നാണ് സഹയോഗ് വാദിച്ചത്. ഈ ഉത്തരവ് പോലീസിന് കൈമാറണമെന്നും കര്‍ശനമായി നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ട്രെബ്യൂണല്‍ അറിയിച്ചു. കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കോപ്പര്‍, അലൂമിനിയം, ആഴ്‌സനിക്, ക്രോമിയം തടങ്ങിയ മാരക വിഷ വസ്തുക്കളാണ് ടയര്‍ കത്തിക്കുന്നതുമൂലം അന്തരീക്ഷത്തില്‍ വ്യപിക്കുന്നു എന്ന് സഹയോഗ് കോടതിയില്‍ പറഞ്ഞു.