Connect with us

Gulf

ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യത, ഡോ. കെ സി ചാക്കോ

Published

|

Last Updated

മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ “ആത്മഹത്യാ പ്രതിരോധം എങ്ങനെ” എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ലക്ക് നല്‍കി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കെ സി ചാക്കോ പ്രകാശനം ചെയ്യുന്നു

ദോഹ. ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യതയാണെന്നും വ്യക്തി തലത്തിലും സമൂഹതലത്തിലുമുണ്ടാകുന്ന യുക്തമായ ഇടപെടലുകളിലൂടെ ആരോഗ്യകരമായ മാറ്റം സാധ്യമാണെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കെ സി ചാക്കോ അഭിപ്രായപ്പെട്ടു. സ്‌കില്‍സ്് ഡവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ ആത്മഹത്യാ പ്രതിരോധം എങ്ങനെ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസികവും ശാരീരികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളാണ് ആത്മഹത്യയുടെ വ്യാപനത്തിന് വഴിയൊരുക്കുന്നത്. പലപ്പോഴും ആത്മഹത്യാ പ്രവണതയുള്ളവര്‍ പലതരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കും. ഈ ഘട്ടത്തില്‍ സഹപ്രവര്‍ത്തകരും കൂടെ ജീവിക്കുന്നവരും കുടുംബാംഗങ്ങളുമൊക്കെ വേണ്ട രീതിയില്‍ ഇടപെടുകയാണെങ്കില്‍ ജീവനൊടുക്കുന്നതില്‍ നിന്നും മിക്കവരേയും തടയാനാകും. പലപ്പോഴും സ്‌നേഹിതരുടെ ഒരു ഫോണ്‍ കോളിന് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാനാകുമെന്നതാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണഗതിയില്‍ , വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം, തുടങ്ങിയ മാനസിക രോഗങ്ങള്‍ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകള്‍, കുറ്റബോധം, രോഗം, തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, ജീവിത പരാജയം, സംശയ രോഗം, ദാമ്പത്യത്തിലെ താളപ്പിഴകള്‍, പ്രേമ നൈരാശ്യം തുടങ്ങി വിവിധ കാരണങ്ങളാണ് ആത്മഹത്യയിലെത്തിക്കുന്നത്.

മയക്കുമരുന്നുപയോഗത്തിനും മാനസിക രോഗങ്ങള്‍ക്കും തക്കതായ ചികിത്സ നല്‍കുക, സാമ്പത്തികമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുക, പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കൂട്ടായ്മകളിലൂടെ ലഘൂകരിക്കുക, കുടുംബ ജീവിതം സുദൃഢമാക്കുക മുതലായവ ആത്മഹത്യ തടയുവാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതം ദൈവത്തിന്റെ സമ്മാനമാണെന്നൂം അത് നല്‍കാനും തിരിച്ചെടുക്കുവാനുമുള്ള അവകാശം ദൈവത്തിന് മാത്രമാണെന്നും ചടങ്ങില്‍ സംസാരിച്ച പ്രസംഗകര്‍ ഓര്‍മിപ്പിച്ചു. ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുകയും ആത്മാര്‍ഥമായ സൗഹൃദ കൂട്ടായ്മകളും സ്‌നേഹ ചങ്ങലയും തീര്‍ത്താന്‍ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും അവര്‍ പറഞ്ഞു. ആത്മഹത്യക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ടെന്നും കാരണമറിഞ്ഞുകൊണ്ടുള്ള സമീപനത്തിന് മാത്രമേ ഫലമുണ്ടാവുകയുള്ളൂ. ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും തീര്‍ക്കുന്ന സമ്മര്‍ദ്ധങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും ഇതില്ലാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ക്കാകുമെന്നും പ്രസംഗകര്‍ പറഞ്ഞു.

സമ്മര്‍ദ്ദം, നിരാശ, ജീവിതവീക്ഷണമില്ലായ്മ, ശാരീരികവും മാനസികവുമായ രോഗങ്ങള്‍ മുതലായ പല കാരണങ്ങളും ആത്മഹത്യയിലേക്കെത്തിക്കാമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും ഏറെ പ്രസക്തമാണെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല പറഞ്ഞു. ജീവിതത്തിന് വ്യക്തമായ ലക്ഷ്യമുണ്ടെന്നും ലക്ഷ്യ ബോധവും ആത്മീയ ചിന്തയും ഏത് പ്രതിസന്ധികളേയും തരണം ചെയ്യുവാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി. ബി. ഫെിന്റെ ബോധവല്‍ക്കരണ പരിപാടികളില്‍ ഈ പുസ്തകം സൗജന്യമായി വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ആത്മഹത്യ കുറ്റകരമായ കൃത്യമാണെന്നും ഓരോരുത്തരും ജീവിക്കുന്ന പരിസരത്തിനും ഇതില്‍ അനിഷേധ്യമായ പങ്കുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച ഡോ. വണ്ടൂര്‍ അബൂബക്കര്‍ പറഞ്ഞു. ആത്മഹത്യ പ്രവണതയുള്ളവരെ ഒറ്റക്കിരിക്കുവാന്‍ അനുവദിക്കാതിരിക്കുക, പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ടുമരില്‍ പതിക്കുക, വീട്ടില്‍ ലൈറ്റ് ഇട്ടു വെക്കുക തുടങ്ങിയവ ആത്മഹത്യാ പ്രവണത ഇല്ലാതാക്കുവാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരി, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍ , ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ലക്കുട്ടി, ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണി, കെ. എം. സി. സി. സംസ്ഥാന സെക്രട്ടറി നിഅമതുല്ല കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര സ്വാഗതവും നന്ദിയും പറഞ്ഞു.0

Latest