Connect with us

Kerala

സി ബി ഐ അന്വേഷണം ഉടനില്ല; രമ നിരാഹാരം തുടരും

Published

|

Last Updated

തിരുവനന്തപുരം: ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ നടത്തി വന്ന നിരാഹാര സമരം തുടരുമെന്ന് ആര്‍ എം പി നേതൃത്വം. സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ശേഷം ആര്‍ എം പി നേതൃയോഗത്തിലാണ് തീരുമാനം. സി ബി ഐ അന്വേഷണ പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ ആര്‍ എം പി നേതാക്കള്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഇന്നലെ രാത്രി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സി ബി ഐ അന്വേഷണം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും അന്വേഷണ പ്രഖ്യാപനത്തിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്നും ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയമനടപടികളുമായി സഹകരിക്കണമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നുമുള്ള സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് ഇപ്പോള്‍ ആര്‍ എം പി രമയുടെ നിരാഹാരസമരം തുടരാന്‍ തീരുമാനിച്ചത്. അതേസമയം മൂന്ന് ദിവസത്തെ നിരാഹാരത്തിന് ശേഷം ആരോഗ്യസ്ഥിതി മോശമായ കെ കെ രമ അറസ്റ്റിന് വഴങ്ങിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം നിര്‍ണായകമാകും.
അതേസമയം ടി പി വധക്കേസിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഉത്തരമേഖല എ ഡി ജി പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം. എസ് പി. വി കെ അക്ബറിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക. ഡി വൈ എസ് പിമാരായ ജയ്‌സണ്‍ എബ്രഹാം, സി ഡി ശ്രീനിവാസന്‍, ബിജു ഭാസ്‌കര്‍ വടകര സി ഐ സുഭാഷ് ബാബു എടച്ചേരി എസ് ഐ സാജു എസ് ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെയും കെ കെ രമയെ സന്ദര്‍ശിക്കാന്‍ വന്‍ ജനപ്രവാഹമായിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുണ്ടായതോടെ രാവിലെ മുതല്‍ ആയിരക്കണിന് ആളുകളാണ് സമരപ്പന്തലിലെത്തിയത്. രമയെ നേരില്‍ കാണാന്‍ സമരപ്പന്തിന് മുന്നില്‍ വന്‍ തിരക്കായിരുന്നു. ആര്‍ എം പി നേതാക്കളും പോലീസും ചേര്‍ന്ന് ജനങ്ങളെ നിയന്ത്രിച്ചാണ് സന്ദര്‍ശകരെ സമരപ്പന്തലിലേക്ക് കടത്തിവിട്ടത്. ക്ഷീണിതയായി കാണപ്പെട്ടെങ്കിലും അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയവരോടെല്ലാം രമ സംസാരിച്ചു.
ഇതിനിടെ രമയുടെ ആരോഗ്യനില മോശമായി. ഉച്ചയോടെയും വൈകിട്ട് 3.30നുമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തി അവരെ പരിശോധിച്ചു. രക്തത്തില്‍ പഞ്ചസാര അളവ് കുറഞ്ഞതായി കണ്ടെത്തി. പഞ്ചസാര ഇനിയും കുറഞ്ഞാല്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ ആര്‍ എം പി നേതാക്കളെ അറിയിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് മാറാന്‍ തയാറല്ലെന്ന നിലപാടിലാണ് രമ. അതേസമയം രക്തസമ്മര്‍ദം സാധാരണ നിലയിലാണ്.
രാവിലെ മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകലും രമക്ക് പിന്തുണയുമായി സമരവേദിയിലെത്തി.
സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരവും വ്യവസ്ഥാപിതവുമായ മാര്‍ഗത്തിലൂടെ മാത്രമേ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചു. സി എം പി നേതാക്കളായ എന്‍ വേണു, കെ എസ് ഹരിഹരന്‍, സന്തോഷ്, സി എം പി നേതാവ് സി പി ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുകയെന്ന് സര്‍ക്കാര്‍ ആര്‍ എം പി നേതാക്കളെ അറിയിച്ചു. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐക്ക് വിടുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിലേക്കുള്ള ഫയല്‍ ആഭ്യന്തരവകുപ്പ് ഇന്നലെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് തൊട്ടു പിന്നാലെ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ നിയമോപദേശം ലഭിച്ചതിനാലാണ് ഇത് സംബന്ധിച്ച തീരുമാനം സാവധാനം പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.

Latest