സഊദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഐ സി എഫ് പ്രവര്‍ത്തകരുടെ മയ്യിത്ത് ഖബറടക്കി

Posted on: February 6, 2014 12:04 am | Last updated: February 6, 2014 at 12:04 am

icf workersറിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ബന്ധുക്കളായ കോഴിക്കോട് മാവൂര്‍ സ്വദേശികളുടെ മയ്യിത്ത് ഖബറടക്കി. ഖസീം മദീന ഹൈവേയില്‍ മദീനയില്‍ നിന്നും ഇരുനൂറ്റി എണ്‍പത് കിലോമീറ്റര്‍ അകലെ നബഹാനി എന്ന സ്ഥലത്ത് നടന്ന വാഹനാപകടത്തിലാണ് ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ് ) റിയാദ് ഉമ്മുല്‍ ഹമാം യൂനിറ്റ് ജനറല്‍ സെക്രട്ടറി മാവൂരിനടുത്ത് വെളളലശ്ശേരി സ്വദേശി സുലൈമാന്‍ (30), അതെ യൂണിറ്റിലെ മെമ്പറായ കുതിരാടം അബ്ദുറഷീദ് (25) എന്നിവര്‍ ശനിയാഴ്ച രാവിലെ ഏഴരയോടെ മരണമടഞ്ഞത്.

മദീനയില്‍ സന്ദര്‍ശനം നടത്തി റിയാദിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. െ്രെഡവര്‍ ഉറങ്ങിയതാണ് വാഹനം മറിയാന്‍ കാരണം. കൂടെ ഉണ്ടായിരുന്ന ബന്ധുവായ നാസര്‍ നിസാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

ഇവരുടെ മൃതദേഹം അല്‍റാസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇരുവരുടെയും ബന്ധുവും റിയാദ് മര്‍ക്കസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ റസാക്ക് മാവൂരിനോടൊപ്പം അല്‍റാസ് ഐ സി എഫിന്റെയും ആര്‍ എസ് സി യുടെയും പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, അബ്ദുല്ല വടകര, ഷൗക്കത്ത്, ബഷീര്‍ നല്ലളം എന്നിവരെ കൂടാതെ സാമൂഹിക പ്രവര്‍ത്തകരായ കീഴിശ്ശേരി മൊയ്തീന്‍, മൂസ കൊണ്ടോട്ടി എന്നിവര്‍ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

ളുഹര്‍ നമസ്‌ക്കാരത്തിനു ശേഷം അല്‍റാസ് ഖബര്‍സ്ഥാനില്‍ നടന്ന ഖബറടക്കത്തിനു റിയാദില്‍ നിന്നെത്തിയ ഐ സി എഫ് സാരഥികളായ ടി എസ് എ തങ്ങള്‍, ടി പി ആലികുഞ്ഞി മൗലവി, യൂസുഫ് ദാരിമി, സുല്‍ഫിക്കര്‍ അലി നഈമി എന്നിവര്‍ നേത്യത്വം നല്‍കി.

പരേതരുടെ മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യാനും മയ്യിത്ത് നിസ്‌കാരം സംഘടിപ്പിക്കാനും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അഭ്യര്‍ത്ഥിച്ചു.