Connect with us

Gulf

76 ശതമാനം വാടക വര്‍ധനവ്‌

Published

|

Last Updated

ദുബൈ: ഇന്റര്‍നാഷണല്‍ സിറ്റിയില്‍ 2013ല്‍ വാടകയില്‍ സംഭവിച്ചത് 76 ശതമാനത്തോളം വര്‍ധനവ്.

വര്‍ഷത്തിന്റെ നാലാം പാദത്തിലാണ് 2012ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഭീമമായ വാടക വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് ആസ്റ്റോ പ്രോപര്‍ട്ടി മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. ഒറ്റ മുറി ഫഌറ്റിന് 40,000 ദിര്‍ഹം മുതല്‍ 45,000 ദിര്‍ഹം വരെയായിരുന്നു വാര്‍ഷിക വാടക. രണ്ടു മുറിക്ക് 60,000 മുതല്‍ 70,000 വരെയായുമായിരുന്നു വാടക. ജുമൈറ ലേക്ക് ടവേഴ്‌സി(ജെ എല്‍ ടി)ലാണ് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടിയ രണ്ടാമത്തെ വാടക വര്‍ധനവ് സംഭവിച്ചത്. ഇവിടെ 50 ശതമാനം വര്‍ധനവാണ് വാടകയില്‍ ഉണ്ടായത്. ഒറ്റമുറി ഫഌറ്റിന് 2012ല്‍ 70,000 മുതല്‍ 95,000 വരെ ഉണ്ടായിരുന്നത് 95,000 മുതല്‍ 1,25,000 ദിര്‍ഹമായി വര്‍ധിക്കുകയായിരുന്നു.
ഡിസ്‌കവറി ഗാര്‍ഡണില്‍ വാടകയില്‍ സംഭവിച്ചത് 44 ശതമാനം വര്‍ധനവായിരുന്നു. ഒറ്റമുറിക്ക് 65,000 മുതല്‍ 75,000 വരെ ഉണ്ടായിരുന്നത് 80,000 മുതല്‍ 85,000 വരെയായി ഉയര്‍ന്നു. മിര്‍ദിഫ് മേഖലയില്‍ വില്ലകള്‍ക്ക് 40 ശതമാനം വര്‍ധനവാണ് നേരിട്ടത്.
മൂന്നു മുറി വില്ലക്ക് ഒരു ലക്ഷം മുതല്‍ 1.75 ലക്ഷം വരെ ഉണ്ടായിരുന്നത് 1.3 ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയായി ഉയര്‍ന്നു. അറേബ്യന്‍ റാഞ്ചസില്‍ 30 ശതമാനം വര്‍ധവാണ് വാടകയില്‍ സംഭവിച്ചത്. മൂന്നു മുതല്‍ നാലു വരെ മുറികളുള്ള വില്ലകള്‍ക്ക് 1.75 മുതല്‍ 2.5 ലക്ഷം വരെ ഉണ്ടായിരുന്നത് 2.1 മുതല്‍ 3.6 ലക്ഷം ദിര്‍ഹം വരെയായി വര്‍ധിച്ചു.
ജുമൈറയില്‍ 28 ശതമാനമായിരുന്നു വര്‍ധനവ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലകളില്‍ വാടക ഉയരുന്നതാണ് കണ്ടുവരുന്നതെങ്കിലും ദുബൈക്ക് എക്‌സ്‌പോ 2020ന് ആതിഥ്യം അരുളാന്‍ അവസരം ലഭിച്ചത് വാടകയില്‍ ഭീമമായ വര്‍ധനവിനാണ് ഇടയാക്കിയിരിക്കുന്നതെന്നും ആസ്റ്റോ പ്രോപര്‍ട്ടി അധികൃതര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

Latest