Connect with us

Malappuram

തോട്ടം ഉടമയുടെ വെളിപ്പെടുത്തലില്‍ വനത്തില്‍ പരിശോധന: ഒന്നും കണ്ടെത്താനായില്ല

Published

|

Last Updated

നിലമ്പൂര്‍: മാവോയിസ്റ്റ് എപ്പിസോഡില്‍ തോട്ടം ഉടമ കണ്ടത് കൈ അല്ലെന്ന് പോലീസ്.
വെട്ടിയെടുത്ത കയ്യുമായി ആയുധ സംഘം തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതായി തോട്ടം ഉടമയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസും, വനപാലകരും മേഖലയില്‍ അരിച്ചു പൊറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തോട്ടം ഉടമ കണ്ടത് കൈ അല്ലെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
കൈ പോലുള്ള എന്തെങ്കിലും ആശാമെന്നും, തോട്ടം ഉടമക്ക് കൈ ആണെന്ന് തോന്നിയതാവാമെന്നുമാണ് തിരച്ചിലിന് ശേഷം പോലീസെത്തിയ നിഗമനം. എന്നാല്‍ സായുധ സംഘം മേഖലയിലെത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
അതേ സമയം മറ്റെന്തെങ്കിലും ലക്ഷ്യം ഇതിന്റെ പിന്നിലുണ്ടോ എന്ന് പോലീസ് അനേ്വഷിക്കുന്നുണ്ട്. മാവോയിസ്റ്റുകളുടെ മറവില്‍ മറ്റാരെങ്കിലും മുതലെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നതാണ് പോലീസിനെ അലട്ടുന്ന ചോദ്യം.
മമ്പാട് തോട്ടിന്റക്കരെ കാഞ്ഞിരാലന്‍ കുഞ്ഞാലന്‍ക്കുട്ടിയാണ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സായുധസംഘത്തെ കണ്ടതായി പോലീസില്‍ വിവരം നല്‍കിയത്. ഇവരുടെ കൈവശം അറുത്തുമാറ്റിയ കൈ ഉണ്ടെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മുന്നരയോടെ കുറുവംപുഴയോട് ചേര്‍ന്ന് ആനന്ദല്ലിലെ തന്റെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് ഇവരെ കണ്ടതെന്നാണ് മൊഴി. ടാപ്പിംഗിനിടെ സംഘം തന്നെ സമീപിക്കുകയും റൂബി നഗറിലേക്കുള്ള വഴി അന്വേഷിക്കുകയും ചെയ്തുവെന്നും, പ്രദേശത്തുള്ള ആദിവാസി കുടുംബങ്ങളെ കുറിച്ചും, അവര്‍ക്ക് ലഭിക്കുന്ന കൂലിയെ കുറിച്ചും, വനം ക്വാര്‍ട്ടേഴ്‌സും ഡി എഫ് ഒ യുടെ ഓഫീസും സംഘം അന്വേഷിച്ചെന്നും മൊഴിയിലുണ്ടായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നിലമ്പൂര്‍ പോലീസും വനം വകുപ്പും തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. നേരത്തെ മാവോയിസ്റ്റുകളുടെ രൂപ സാദൃശ്യമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഒരു കായികാധ്യാപികയെയും, ക്ഷേത്ര പൂജാരിയെയും മാവോയിസ്റ്റാക്കി പോലീസ് ചോദ്യം ചെയ്തിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. എന്നാല്‍ യഥാര്‍ത്ഥ സായുധ സംഘത്തെ കണ്ടെത്താനും ഇതുവരെ സാധിച്ചിട്ടുമില്ല.

Latest