വാണിജ്യ പ്രതാപം നഷ്ടപ്പെട്ട് തലക്കടത്തൂര്‍ അങ്ങാടി

Posted on: February 5, 2014 8:00 am | Last updated: February 5, 2014 at 8:00 am

കല്‍പകഞ്ചേരി: ചെറിയമുണ്ടം പഞ്ചായത്ത്, തിരൂര്‍ നഗരസഭ എന്നിവയുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ അങ്ങാടിയായ തലക്കടത്തൂരിന്റെ വാണിജ്യ പാരമ്പര്യ പ്രതാപത്തിന് മങ്ങലേല്‍ക്കുന്നു. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാലിചാക്ക് കേന്ദ്രവും അടക്ക വിപണന സ്ഥലവുമായിട്ടായിരുന്നു തലക്കടത്തൂര്‍ അറിയപ്പെട്ടിരുന്നത്.

അടക്ക സംഭരിക്കുന്ന നൂറുകണിക്കിന് വ്യാപാരികളും അവ വിപണനം ചെയ്യുന്ന ഒട്ടേറെ കടകളും ടൗണില്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രദേശത്ത് ഇത്തരം വ്യാപാരത്തിലേര്‍പ്പെട്ടിരുന്നവരുടെ എണ്ണം ഇപ്പോള്‍ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നും നൂറുകണക്കിന് ടണ്‍ അടക്ക ഇവിടെ സംഭരിക്കുകയും ഇന്‍ഡോര്‍, കാണ്‍പൂര്‍, ജബല്‍പൂര്‍, ലക്‌നോ, മുബൈ, കട്ടക്ക് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.
വന്‍കിട കച്ചവടക്കാരും അടക്ക വ്യാപാരത്തില്‍ നിന്ന് പിന്‍ വാങ്ങിത്തുടങ്ങി. അടക്ക വെട്ടല്‍, ഉണക്കല്‍, പാക്കുചെയ്യല്‍, കയറ്റിറക്ക് എന്നീ മേഖലയില്‍ അഞ്ചൂറിലധികം തൊഴിലാളികള്‍ ജോലിചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് തുച്ചം പേര്‍ മാത്രം. കേരളത്തിലെ പ്രധാന കാലിച്ചാക്ക് കേന്ദ്രമായിരുന്ന തലക്കടത്തൂരില്‍ നൂറിലധികം ചാക്ക് വ്യാപാരികളും ആയിരക്കണക്കിന്‍ തൊഴിലാളികളും ജോലി ചെയ്തിരുന്നു. മറ്റിടങ്ങളിലെ കടകളില്‍ നിന്നും മൊത്തമായും ചില്ലറയായും ശേഖരിച്ച് കൊണ്ട് വരുന്ന കാലിചാക്കുകളുടെ കച്ചവടം, തരം തിരിക്കല്‍, റിപ്പയര്‍ ചെയ്യല്‍, ബ്രോക്കര്‍, കയറ്റിറക്ക്, ലോറി ബ്രോക്കര്‍, കണക്കെഴുത്ത്, കഴുകി വ്യത്തിയാക്കാല്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടവരായിരുന്നു മിക്കവരും. ഗള്‍ഫിലേക്കുള്ള ജോലി തേടിയുള്ള യാത്രയും പ്ലാസ്റ്റിക് ചാക്കുകളുടെ ഉപയോഗം വ്യാപകമായതും ചാക്കില്‍ നിന്നുള്ള പൊടിപടലങ്ങള്‍ വര്‍ഷങ്ങളായി ശ്വസിച്ച് ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് വിവിധ രോഗങ്ങള്‍ പിടിപെട്ടതും കാലിച്ചാക്ക് വ്യാപാരത്തിന്‍ തിരിച്ചടിയായി. ഇന്ന് അഞ്ചില്‍ താഴെ കടകളും വളരെ കുറച്ച് തൊഴിലാളികളും മാത്രമാണ് ഈ രംഗത്തുള്ളത്.
തേങ്ങ, കുരുമുളക് വ്യാപാരങ്ങളും ഈ അങ്ങാടിയില്‍ വ്യാപകമായിരുന്നു. സമ്പന്നവും സമ്യദ്ധവുമായ ഒരു വ്യാവസായിക ചരിത്രമാണ് ഈ അങ്ങാടിക്ക് ഓര്‍ മിക്കാനുള്ളത്. ചരിത്രത്തെ ഓര്‍പ്പെടുത്താന്‍ ഇനി ഇവിടെയുള്ളത് ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓടിട്ട കെട്ടിടങ്ങളില്‍ നിരപലകയുള്ള ഏതാനും കടകള്‍ മാത്രമാണ്.