പി എഫ് പെന്‍ഷന്‍ ആയിരം രൂപയാക്കല്‍; നിര്‍ണായക യോഗം ഇന്ന്‌

Posted on: February 5, 2014 6:00 am | Last updated: February 5, 2014 at 6:37 pm

privident fundന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള കുറഞ്ഞ പെന്‍ഷന്‍ പ്രതിമാസം 1000 രൂപയാക്കി നിശ്ചയിക്കാന്‍ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ പി എഫ് ഒ) ട്രസ്റ്റികള്‍ ഇന്ന് യോഗം ചേരുന്നു. ഇതിന്റെ ആനുകൂല്യം 28 ലക്ഷത്തിലേറെ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കും.
പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കാനും ജീവനക്കാര്‍ക്കായുള്ള വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്‌കീം -1952, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം -1995, എംപ്ലോയീസ് ഡിപോസിറ്റ് അനുബന്ധ ഇന്‍ഷ്വറന്‍സ് സ്‌കീം – 1976 എന്നിവയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഇ പി എഫ് സ്‌കീം-1952 ല്‍ ഭേദഗതികള്‍ വരുത്താനും ഇന്ന് ചേരുന്ന ഇ പി എഫ് ഒയുടെ ഉന്നത നയ രൂപവത്കരണ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിക്കും. അടിസ്ഥാന വേതനവും ക്ഷാമബത്തയും ചേര്‍ന്ന് 6500 രൂപ പ്രതിമാസ വരുമാനമുള്ളവരാണ് ഇപ്പോള്‍ ഇ പി എഫ് ഒയില്‍ അംഗങ്ങളാകുന്നത്. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇ പി എഫ് ഒയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിമാസ വരുമാന പരിധി 15,000 രൂപയാക്കുന്ന കാര്യവും ട്രസ്റ്റികള്‍ പരിഗണിക്കും.
കുറഞ്ഞ പി എഫ് പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാക്കാനുള്ള തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം ധനമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാറിന് 1,217 കോടി രൂപ അധിക ചെലവ് വരും.