മലപ്പുറത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടു മതി സീറ്റ് വിഭജന ചര്‍ച്ചയെന്ന ലീഗ്

Posted on: February 4, 2014 7:41 pm | Last updated: February 5, 2014 at 12:13 am

leagueതിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുമതി സീറ്റ് വിഭജന ചര്‍ച്ചയെന്ന് മുസ്ലിംലീഗ്. യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചയിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. തുടര്‍ ചര്‍ച്ച അടുത്തയാഴ്ച നടക്കും.
മുസ്ലിംലീഗുമായുള്ള ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുകയും തുടര്‍ചര്‍ച്ചയില്‍ തീരുമാനമെടുക്കുകയും ചെയ്യാമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമെ മറ്റൊരു സീറ്റുകൂടി ലീഗ് ആവശ്യപ്പെടുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കുംമുമ്പേ മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു ലീഗിന്റെ നിലപാട്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കള്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചു.
മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നപരിഹാരത്തിന്് ചര്‍ച്ച നടത്തുമെന്ന് ഉറപ്പ് നല്‍കി. സീറ്റ് ചര്‍ച്ചകള്‍ അടുത്തയാഴ്ചയോടെ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.