ടി പി: പിണറായിക്കും കരീമിനുമെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായി- പി മോഹനന്‍

Posted on: February 4, 2014 2:17 pm | Last updated: February 4, 2014 at 9:51 pm

p mohananകോഴിക്കോട്: ടി പി വധക്കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയതായി മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചതായി പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേസില്‍ കോടതി വെറുതെവിട്ടയാളുമായ പി മോഹനന്‍. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ 12 ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് ഇക്കാര്യമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമിന്റെ പേര് പറയാനും സമ്മര്‍ദമുണ്ടായി. സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് ഇരുവരും ഗൂഢാലോചന നടത്തുന്നതായി കണ്ടുവെന്ന് പറഞ്ഞാല്‍ തന്റെ പേരിലുള്ള വകുപ്പുകള്‍ ലഘൂകരിച്ച് തരാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായും മോഹനന്‍ വ്യക്തമാക്കി.