കെ എച്ച് അബ്ദുല്‍ ഗഫൂര്‍ മുസ്ല്യാര്‍ ധൈര്യം പകര്‍ന്ന പ്രവര്‍ത്തകന്‍

Posted on: February 4, 2014 8:23 am | Last updated: February 4, 2014 at 8:23 am

കെല്ലൂര്‍: വടക്കേവയനാട്ടിലെ സുന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും താഴെക്കിടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലും കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ കെ എച്ച് അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍.
വെള്ളമുണ്ട പഞ്ചായത്തിലെ ഈസ്റ്റ് കെല്ലൂര്‍ യൂനിറ്റ് പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനമാരംഭിച്ച ഗഫൂര്‍ വിവിധ കാലങ്ങളില്‍ വിവിധ ഘടകങ്ങളിലായി പ്രവര്‍ത്തിക്കുകയും പ്രതിസന്ധിഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം പകര്‍ന്ന സംഘാടകനായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒട്ടനവധി പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോഴും ആദര്‍ശത്തോടുള്ള പ്രതിബന്ധത വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായാണ് അത്തരം അവസരങ്ങളെല്ലാം ഗഫൂര്‍ മുസ്‌ലിയാര്‍ കണ്ടിരുന്നത്. സമസ്ത വയനാട് ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസിയുടെ ദര്‍സിലെ പഠനത്തിന് ശേഷം, വയനാട്, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെ വിവിധ മദ്‌റസകളില്‍ അധ്യാപകനായി ജോലി നോക്കി. സുന്നീ പ്രസിദ്ധീകരണങ്ങളുടെയും സാഹിത്യങ്ങളുടേയും പ്രചാരകനായിരുന്നു ഇദ്ദേഹം.
സുന്നീ ആനുകാലികങ്ങള്‍ക്ക് വ്യവസ്ഥാപിതമായ പ്രചാരണ മാര്‍ഗങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഏജന്‍സിയെടുത്ത് ഓരോ യൂനിറ്റുകളിലും എത്തിക്കാറുണ്ടായിരുന്നു. നിരവധി വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദത്തിന്റേയും ബന്ധങ്ങളുടെയും വ്യാപ്തി അറിയികുന്നതായിരുന്നു ഗഫൂറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയ നൂറുക്കണക്കിനാളുടെ സാന്നിധ്യം. രോഗബാധിതനായിരിക്കുമ്പോഴും സുന്നീ നേതാക്കള്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഗഫൂര്‍ അവിടെയെത്തുമായിരുന്നു.
ഏറ്റവും ഒടുവില്‍ കാന്തപുരം ഉസ്താദ് വെള്ളമുണ്ടയിലെത്തിയപ്പോള്‍ ഉസ്താദിനെ കാണാനും പ്രാര്‍ഥിപ്പിക്കാനും എത്തിയിരുന്നു. നിര്‍ണായ ഘട്ടങ്ങളില്‍ ആത്മധൈര്യം പകരുന്ന ഒരു പ്രവര്‍ത്തകനെയാണ് ഗഫൂര്‍ മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ഭാര്യയും നാലു പിഞ്ചുകുട്ടികളുമടങ്ങുന്നതാണ് ഗഫൂര്‍ മുസ്‌ലിയാരുടെ കുടുംബം. ഈയിടെ പണി തീര്‍ത്ത വീടിന്റെ ഗൃഹ പ്രവേശന ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഗഫൂറിന്റെ അന്ത്യം. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ്, സെക്രട്ടറി കെ അബൂബക്കര്‍ ഫൈസി, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി കാമിലി, കെ എസ് മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.