അബുദാബിയില്‍ മറ്റൊരു നഗരം

Posted on: February 3, 2014 6:40 pm | Last updated: February 3, 2014 at 6:40 pm

khalifa_city_1അബുദാബി: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍ പദ്ധതികളുമായി അബുദാബി. 10,000 കോടി ഡോളറിന്റെ പദ്ധതികള്‍ക്കു പുറമെ ന്യൂ ഖലീഫ സിറ്റിയുടെ നിര്‍മാണം ദ്രുതഗതിയില്‍.

ഖലീഫ സിറ്റി എ, ഖലീഫ സിറ്റി ബി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവക്കിടയിലാണ് ന്യൂ ഖലീഫ സിറ്റി പണിയുന്നത്. 3.7 ലക്ഷം ആളുകള്‍ വസിക്കുന്ന പ്രത്യേക നഗരമായി മാറും. 49 ചതുരശ്ര കിലോമീറ്ററിലാണ് നഗരം പണിയുന്നതെന്ന് നിര്‍മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള മുസനദ അറിയിച്ചു. മന്ത്രാലയങ്ങള്‍, നയതന്ത്രകാര്യാലയങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഇവിടെ ഉണ്ടാകും. റെയില്‍, ട്രാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. 4,900 ഹെക്ടറിലാണ് നഗരം. 2009ല്‍ തന്നെ പദ്ധതി രൂപരേഖ തയാറായിരുന്നു. എന്നാല്‍, അതില്‍ നിന്ന് മാറ്റം വരുത്തിയാണ് പുതിയ നഗരം. നേരത്തെ, ഓഫീസുകള്‍ക്കായിരുന്നു മുന്‍തൂക്കം. പുതിയ രൂപരേഖ അനുസരിച്ച് വാണിജ്യ കേന്ദ്രങ്ങളും പാര്‍പ്പിടങ്ങളും കൂടുതലായി വരും. ആരംഭഘട്ടത്തില്‍ തന്നെ 500 കോടി ദിര്‍ഹം ചെലവ് ചെയ്യും. സ്വദേശികള്‍ക്ക് 1,440 ഹെക്ടറിലാണ് പാര്‍പ്പിടങ്ങള്‍. ആദ്യ ഘട്ടത്തില്‍ 2,723 വില്ലകള്‍ പണിയും. 27 മാസം കൊണ്ട് പൂര്‍ത്തിയാകും. അബുദാബി 2030 ആസൂത്രണ പദ്ധതി പ്രകാരമാണ് നഗര വികസനമെന്നും മുസനദ എക്‌സി. ഡയറക്ടര്‍ അലി അല്‍ ഹാജ് അല്‍ മെഹ്‌റബി പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 10,000 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വാണിജ്യ കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഉള്‍പ്പെടും നിലവിലെ നഗരത്തിലും പരിസരങ്ങളിലുമാണ് വികസനം.