Connect with us

Kozhikode

ആ ആത്മീയ ചൈതന്യം അണച്ചത് കരുവന്‍തുരുത്തിയുടെയും വെളിച്ചം

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം കേരളത്തിന്റെ ആത്മീയ ചൈതന്യമായിരുന്ന പണ്ഡിത കുലപതി ഉള്ളാള്‍ തങ്ങളുടെ വിയോഗം കരുവന്‍തുരുത്തിയുടെ വൈജ്ഞാനിക വെളിച്ചവും അണച്ചു. തങ്ങളുടെ സാന്നിധ്യം തേടി കരുവന്‍തുരുത്തിയിലെത്തിയിരുന്നത് ദിനേന നൂറുകണക്കിനാളുകളായിരുന്നു.
വിവിധ മതക്കാര്‍, ദേശക്കാര്‍, ആവശ്യക്കാര്‍….. വരുന്നവര്‍ക്കും കാണുന്നവര്‍ക്കും പുഞ്ചിരിയും പുണ്യവും ചൊരിഞ്ഞ തങ്ങള്‍ നിത്യവസന്തമായി നിറഞ്ഞത് ഇവിടെയായിരുന്നു. കരുവന്‍തുരുത്തിയിലെ പളളിയില്‍ എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ഞായറാഴ്ച നടക്കുന്ന ആത്മീയ സദസ്സില്‍ പങ്കെടുക്കാനെത്തുന്നവരില്‍ മതവിദ്യാര്‍ഥികള്‍ മുതല്‍ പണ്ഡിത പ്രമുഖര്‍ വരെയുണ്ടായിരുന്നു.
പ്രയാസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിച്ച് ഇവിടെ ഇനി തങ്ങളുപ്പാപ്പ ഇല്ലെന്ന യാഥാര്‍ഥ്യം ഇനിയും ഉള്‍ക്കൊള്ളാന്‍ പലരും പ്രയാസപ്പെടുകയാണ്. തങ്ങളുടെ വിയോഗമറിഞ്ഞ നിമിഷം ആരും പറയാതെ, ആഹ്വാനം ചെയ്യാതെ തന്റെ മെഡിക്കല്‍ ഷോപ്പിന് അവധി നല്‍കിയ കരുവന്‍തുരുത്തിയിലെ ചന്ദ്രന്‍ കൊടമനയെന്ന രാഷ്ട്രീയക്കാരനും തങ്ങളുടെ സ്‌നേഹത്തിന്റെ സാന്നിധ്യം ഇനിയില്ലെന്ന് തിരിച്ചറിയുന്നു.
കരുവന്‍തുരുത്തിയില്‍ ജനിച്ച് ഇന്ത്യയിലെ മുസ്‌ലിം സംഘശക്തിയെ മുന്നില്‍ നിന്ന് നയിച്ചപ്പോഴും കരുവന്‍തുരുത്തിക്കാരുടെ തങ്ങളുപ്പാപ്പ തലക്കനമില്ലാതെ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ജില്ലയില്‍ മര്‍കസില്‍ നടന്ന പരിപാടിയിലാണ് തങ്ങള്‍ അവസാനമായി പ്രാസ്ഥാനിക പരിപാടിയില്‍ പങ്കെടുത്തത്.
ബുഖാരി തറവാട്ടിലെ നെടുംതൂണായി നിന്ന് കേരളത്തിലെ സുന്നി സമൂഹത്തിന് താങ്ങും തണലുമായി മാറിയ തങ്ങളുടെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല പ്രദേശത്തെ പ്രാസ്ഥാനിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും. അനാരോഗ്യം അവഗണിച്ച് ആത്മീയ വേദികളില്‍ നിറഞ്ഞ് നിന്നിരുന്ന അദ്ദേഹം പുതിയ തലമുറക്ക് ആവേശമായിരുന്നു.
പണ്ഡിതന്‍മാരും സാധാരണക്കാരും ഒരു പോലെ തങ്ങളെ ഇഷ്ടപ്പെട്ടു. ആ മഹനീയ കരമൊന്ന് ഗ്രഹിച്ച് ബറകത്തെടുക്കാന്‍ വിശ്വാസികള്‍ കാത്തു നിന്നു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നപ്പോഴും തങ്ങള്‍ ആത്മീയ സദസുകള്‍ക്ക് നേതൃത്വം നല്‍കാന്‍ താത്പര്യം കാണിച്ചു. ആ തേജസാര്‍ന്ന മുഖം കാണാനും പ്രാര്‍ഥനയില്‍ പങ്കാളികളാകാനും വിശ്വാസികള്‍ ഒഴുകിയെത്തി. മര്‍കസിലെ പ്രാര്‍ഥനാ സദസ്സുകളിലും പരിപാടികളിലും തങ്ങളുടെ സാന്നിധ്യമായിരുന്നു പ്രധാനം.
പതിനാറ് വയസ്സ് മുതല്‍ 92 വയസ്സ് വരെയും അദ്ദേഹം ആരാധനാകര്‍മങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. യാത്രകളിലെല്ലാം ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റുകളിലും മുഴുകി.
ഒപ്പം പാവപ്പെട്ടവരെ സഹായിക്കുന്നതിലും മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു പ്രദേശത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂടി നികത്താനാകാത്ത നഷ്ടമായി മാറുകയാണ്.

Latest