Connect with us

Kozhikode

വയോധികര്‍ക്ക് പ്രയോജനമില്ലാതെ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റ്

Published

|

Last Updated

കോഴിക്കോട്: വയോധികരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച ലിഫ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരാതി. പ്രവര്‍ത്തനം അറിയാത്ത വയോധികരായ യാത്രക്കാര്‍ വീണ്ടും കോണിപ്പടികള്‍ കയറിയിറങ്ങേണ്ടി വരുന്നു.
സ്വന്തമായി ലിഫ്റ്റ് മെക്കാനിക്കിനെ നിയമിക്കാന്‍ കഴിയാത്തതാണ് പ്രവര്‍ത്തനം ഗുണകരമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തതിന് കാരണം. ഒന്നാം പ്ലാറ്റ്‌ഫോമിലും നാലാം പ്ലാറ്റ്‌ഫോമിലുമാണ് ലിഫ്റ്റ് ഏര്‍പ്പെടുത്തിയത്. ഒരേ സമയം 13 പേര്‍ക്ക് കയറാവുന്ന തരത്തിലുള്ളതാണ് ലിഫ്റ്റ്. മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും ഏറെ സൗകര്യമെന്ന നിലയിലാണ് ലിഫ്റ്റ് സ്ഥാപിച്ചത്.
എന്നാല്‍ ലിഫ്റ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാത്തതുകാരണം ഭൂരിപക്ഷം യാത്രക്കാരും ഇപ്പോഴും സ്റ്റെപ്പുകള്‍ കയറിയിറങ്ങിയാണ് ഒന്നും നാലും പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നത്. വിവിധ സ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ച ലിഫ്റ്റുകളില്‍ പ്രത്യേകം ഓപ്പറേറ്റര്‍മാരെ നിയമിക്കാറുണ്ട്. എന്നാല്‍ ഫണ്ട് ഇല്ലെന്ന പേരില്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല.
ലിഫ്റ്റ് സാങ്കേതിക തകരാറില്‍ നിലച്ചുപോയാലോ മറ്റോ യാത്ര മുടങ്ങിപ്പോകുമെന്ന ആശങ്കയില്‍ പല മുതിര്‍ന്ന പൗരന്മാരും പ്രയാസം അനുഭവിച്ചാലും കോണിപ്പടികള്‍ കയറിയാണ് എത്തുന്നത്.
വൃദ്ധരും വികലാംഗരുമായ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ലിഫ്റ്റ് മുഖേന ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നടത്തിയ നീക്കത്തിനൊടുവില്‍ 2010ലാണ് മൂന്ന് ലിഫ്റ്റുകള്‍ സ്ഥാപിക്കാനായി 85 ലക്ഷം രൂപ അനുവദിച്ചത്. ഒന്നാം പ്ലാറ്റ് ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.
പുതിയ പദ്ധതികള്‍ക്കും ഫണ്ടുകള്‍ക്കുമായി മുറവിളി ഉയര്‍ത്തുമ്പോള്‍ തന്നെ ലഭ്യമായ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ വലിയ വീഴ്ചകളാണ് അധികൃതര്‍ വരുത്തുന്നത്.

Latest