രാജ്യാന്തര വിദ്യാഭ്യാസ പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്ക്‌

Posted on: January 31, 2014 6:43 pm | Last updated: January 31, 2014 at 6:43 pm

IMG-20140130-WA0006ഷാര്‍ജ: ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ച രാജ്യാന്തര വിദ്യാഭ്യാസ പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ വന്‍ പ്രവാഹം. നൂറുക്കണക്കിനു സന്ദര്‍ശകരാണ് നിത്യവും പ്രദര്‍ശനം കാണാനെത്തുന്നത്. ഇവരിലധികവും വിദ്യാര്‍ഥികളാണ്. ഏറെയും സ്വദേശികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സ്‌കൂള്‍ ബസ്സുകളിലും മറ്റു വാഹനങ്ങളിലുമാണ് എത്തുന്നത്.
സന്ദര്‍ശകരെത്തുന്ന ബസ്സുകളെ കൊണ്ട് എക്‌സ്‌പോ സെന്റര്‍ പരിസരം നിറഞ്ഞിരിക്കുകയാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒട്ടേറെ സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവയാണിവ. രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളുടെ സ്റ്റാളുകള്‍ക്കു പുറമെ ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ യൂണിവേഴ്‌സിറ്റികളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടറുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സ്റ്റികളുടെ കൗണ്ടറുകള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഗെയിറ്റ് ഇന്ത്യ എഡുക്കേഷന്‍ ഷോയുടെ പവലിയനും ഒരുക്കിയിട്ടുണ്ട്. വിദ്യാഭാസ രംഗത്തെ നൂതന പദ്ധതികള്‍, വിവിധ കോഴ്‌സുകള്‍, നൂതന സാങ്കേതിക വിദ്യകള്‍, ഭാവിയിലെ തൊഴില്‍ സാധ്യതക്കുതകുന്ന വിവിധ കോഴ്‌സുകള്‍ എന്നിവയെ കുറിച്ചും, മറ്റമുള്ള വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ബുക്ക് ലെറ്റുകളും മറ്റും കൗണ്ടറുകളില്‍ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നു. ഇതിനു പുറമെ ഇതു സംബന്ധിച്ച് വിശദീകരിക്കുന്നുമുണ്ട്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദര്‍ശകര്‍ക്ക് വിവരിച്ച് കൊടുക്കുന്നതിനുള്ള കൗണ്ടറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വദ്യാര്‍ഥികള്‍ക്കു തീര്‍ത്തും പ്രയോജനപ്പെടുന്നതാണ് പ്രദര്‍ശനം. ഉത്സാഹത്തോടെയാണ് കുരുന്നുകളടക്കമുള്ള സന്ദര്‍ശകരെത്തുന്നത്. ഈ മാസം 29നാണ് പ്രദര്‍ശനം ആരംഭിച്ചത്. നാളെയാണ് സമാപിക്കുക. പ്രദര്‍ശന നഗരിയില്‍ ഭക്ഷണശാലകളും സജ്ജമാക്കിയിട്ടുണ്ട്. ഉന്നതപഠനം നടത്തുന്നവരാണ് സന്ദര്‍ശകരില്‍ ഏറെയും. പ്രവേശനം സൗജന്യമാണ്.