അന്യസംസ്ഥാന തൊഴിലാളി സംഗമങ്ങള്‍ മാതൃകയാകുന്നു

Posted on: January 30, 2014 7:53 am | Last updated: January 30, 2014 at 7:53 am

തിരൂരങ്ങാടി: എസ് വൈ എസ് മിഷന്‍ ക്യാമ്പയിന്റെ ഭാഗമായി നടന്നുവരുന്ന അന്യ സംസ്ഥാന തൊഴിലാളി സംഗമങ്ങള്‍ മാതൃകയാവുന്നു. സംഘടന ഏറ്റെടുത്ത് നടപ്പിലാക്കുന്ന സര്‍വ മേഖലാ സ്പര്‍ശിയായ ദഅ്‌വ പ്രവര്‍ത്തന ഭാഗമായുള്ള വിവിധ പരിപാടികളിലൊന്നാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ സംഗമം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തി ജോലി ചെയ്ത് കഴിയുന്ന മുസ്‌ലിംകളെ ലക്ഷ്യം വെച്ചാണ് ഈ പദ്ധതി.കേരളത്തെ അപേക്ഷിച്ച് മത വിജ്ഞാനത്തിന്റെ ബാലപാഠം പോലുമില്ലാത്തവരാണ് ഇത്തരം തൊഴിലാളികളില്‍ അധികവും. അതുകൊണ്ടുതന്നെ ഇത്തരക്കാരില്‍ നിന്നും പല കുറ്റകൃത്യങ്ങളും സംഭവിക്കുന്നതായി റിപ്പോര്‍ട്ട ്‌ചെയ്യപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ഇവരിലേക്ക് സംഘടനാ പ്രബോധനവുമായി എസ് വൈ എസ് ഇറങ്ങിയിട്ടുള്ളത്. ഓരോ പ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി അവരെ സംഘടിപ്പിച്ച് അവരുടെ ഭാഷയില്‍ പഠന ക്ലാസ് നല്‍കുകയാണ് സംഘടന ചെയ്യുന്നത്.ഉറുദുവിലും ഹിന്ദിയിലും തമിഴിലും തയ്യാറാക്കിയ പ്രത്യേകക്ഷണക്കത്തുകള്‍ ഇവര്‍ക്ക് പ്രവര്‍ത്തകര്‍ നേരില്‍കണ്ട് നല്‍കുന്നു. സോണ്‍ തലങ്ങളിലും മറ്റു ചിലസ്ഥലങ്ങളില്‍ യൂണിറ്റ് തലങ്ങളിലും ഇത്തരം സംഗമങ്ങള്‍ നടക്കുന്നുണ്ട്. വളരെ ആവേശത്തോടെയാണ് പരിപാടികളില്‍ ഇവര്‍ പങ്കെടുക്കുന്നത്. കേരളക്കാരുമായി ഇടപഴകാനും ഉദാത്തമായ ജീവിതശൈലി പകര്‍ത്താനുമാണ് ഇവര്‍ ഈഅവസരം ഉപയോഗിക്കുന്നത്.