സൂപ്പര്‍ മൂണ്‍ നാളെ ദൃശ്യ വിരുന്നൊരുക്കും

Posted on: January 30, 2014 12:09 am | Last updated: January 31, 2014 at 7:30 am

moon-bigന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ മൂണ്‍ നാളെ ആകാശക്കാഴ്ചയൊരുക്കും. ഇന്ത്യയിലും പൂര്‍ണ ചന്ദ്രനെ കാണാനാകും. ജനുവരി ഒന്നിന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമായിരുന്നു. ഒരേ മാസം രണ്ട് തവണ സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നത് അപൂര്‍വമാണ്. ഭൂമിയോട് വളരെ അടുത്ത് ചന്ദ്രന്‍ എത്തുന്നതിനെയാണ് സൂപ്പര്‍ മൂണെന്നു വിളിക്കുന്നത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുമ്പോള്‍ സാധാരണ കാണുന്നതിലും 14 ശതമാനം വലിപ്പക്കൂടുതല്‍ ചന്ദ്രനുണ്ടായിരിക്കും. ചാന്ദ്രപ്രഭക്ക് 30 ശതമാനം കൂടുതല്‍ തെളിച്ചവുമുണ്ടാകും.
വെള്ളിയാഴ്ച വൈകുന്നേരം 3.30നാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം വാന നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ ഈ വര്‍ഷം മൂന്ന് തവണ കൂടി സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകുമെന്ന് വാന നിരീക്ഷകര്‍ പറഞ്ഞു. ജൂലൈ 12, ആഗസ്റ്റ് 10, സെപ്തംബര്‍ ഒമ്പത് എന്നീ ദിവസങ്ങളിലാണ് സൂപ്പര്‍ മൂണിനെ പ്രതീക്ഷിക്കുന്നത്. ഇതില്‍ ആഗസ്റ്റ് പത്തിലെ സൂപ്പര്‍ മൂണായിരിക്കും ഭൂമിയോടു ഏറ്റവും അടുക്കുന്നത്. ഭൂമിയോടു കൂടുതല്‍ അടുക്കുന്ന ചന്ദ്രനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് വലിപ്പത്തിലും തെളിച്ചത്തിലും കാണാന്‍ കഴിയും. അതേസമയം പകല്‍സമയത്താണ് പ്രതിഭാസം ഉണ്ടാകുന്നതെങ്കില്‍ വ്യക്തമായി കാണാന്‍ കഴിയില്ല.
1979ല്‍ റിച്ചാര്‍ഡ് നോളം എന്ന വാന നിരീക്ഷകനാണ് ഈ പ്രതിഭാസത്തിന് സൂപ്പര്‍ മൂണ്‍ എന്ന് പേരിട്ടത്.