ഐ എഫ് എ ഷീല്‍ഡില്‍ ഇന്ന് കിക്കോഫ്‌

Posted on: January 29, 2014 6:42 am | Last updated: January 29, 2014 at 7:20 am

footballകൊല്‍ക്കത്ത: 118 മത് ഐ എഫ് എ ഷീല്‍ഡ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. ഈസ്റ്റ് ബംഗാള്‍ ബുസാനെയും യുനൈറ്റഡ് സിക്കിം ഗെയ്‌ലാംഗിനെയും നേരിടും. മൂന്ന് വിദേശ ക്ലബ്ബുകള്‍ മാറ്റുരക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിലെ ശക്തിദുര്‍ഗങ്ങളായി നില്‍ക്കുന്ന ഗോവന്‍ ക്ലബ്ബുകളും ഷില്ലോംഗ് ലജോംഗ് എഫ് സിയും ടൂര്‍ണമെന്റിനോട് താത്പര്യം കാണിക്കാതെ വിട്ടു നിന്നത് കല്ലുകടിയായി. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് മത്സരിക്കും. ഗ്രൂപ്പ് എ യില്‍ ഈസ്റ്റ് ബംഗാള്‍, യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നീ ഇന്ത്യന്‍ ടീമുകളെ വെല്ലുവിളിക്കാന്‍ സിംഗപ്പൂര്‍ ലീഗിലെ ഗെയ്‌ലാംഗ് ഇന്റര്‍നാഷണലും കൊറിയന്‍ രണ്ടാം ഡിവിഷന്‍ ലീഗ് ക്ലബ്ബ് ബുസാന്‍ കിയോന്‍ താംഗും റെഡി.
ഗ്രൂപ്പ് ബിയില്‍ മോഹന്‍ ബഗാന്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ്, യുനൈറ്റഡ് സിക്കിം എന്നിവര്‍ക്കൊപ്പം ബംഗ്ലാദേശില്‍ നിന്നുള്ള ഷെയ്ക് ജമാല്‍ ക്ലബ്ബും കരുത്തളക്കാനിറങ്ങുന്നു.
ഗ്രൂപ്പ് എയില്‍ ഈസ്റ്റ് ബംഗാള്‍ ക്ലിയര്‍ ഫേവറിറ്റാണ്. എ എഫ് സി കപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളിലെ പരിചയം മതി ഗെയ്‌ലാംഗ്, ബുസാന്‍ ക്ലബ്ബുകളെ നേരിടാന്‍. ഐ ലീഗിലും ഫെഡറേഷന്‍ കപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച അര്‍മാന്‍ഡോ കൊളാസോയുടെ സംഘത്തിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം. പരുക്ക് മാറി മെഹ്താബ് ഹുസൈന്‍ തിരിച്ചെത്തുന്നത് മിഡ്ഫീല്‍ഡിന് കരുത്തേകും. ലാല്‍റിന്‍ഡിക റാല്‍ട്ടെയാണ് മറ്റൊരു ശ്രദ്ധേയ താരം.
സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുകയാണ് യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. ഡച്ച് കോച്ച് എല്‍കൊ ഷാറ്ററി ഒമാനിലേക്ക് മടങ്ങിയിരിക്കുന്നു. തിരിച്ചുവരവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഐ എഫ് എ ഷീല്‍ഡില്‍ കോച്ചില്ലാതെയാകും കളിക്കുക. സൂപ്പര്‍ താരം റാന്റി മാര്‍ട്ടിന്‍സിന്റെ ഫോം മങ്ങിയതാണ് മറ്റൊരു തിരിച്ചടി. സിംഗപ്പൂര്‍ ക്ലബ്ബ് ഗെയ്‌ലാംഗ് ആദ്യമായിട്ടാണ് ഐ എഫ് എ ഷീല്‍ഡിന്. സിംഗപ്പൂരില്‍ ഈഗിള്‍സ് എന്നറിയപ്പെടുന്ന ക്ലബ്ബിന് കഴിഞ്ഞ എസ്-ലീഗ് സീസണ്‍ അത്ര മികച്ചതായിരുന്നില്ല.
ഏറെ പിറകിലായിട്ടാണ് ഫിനിഷ് ചെയ്തത്. വിദേശ താരങ്ങളെ റിക്രൂട്ട് ചെയ്ത് ഗെയ്‌ലാംഗ് കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. യൂകി ഇഛികാവ, കെന്റ ഫുടാര്‍ഡോ എന്നീ ജാപനീസ് താരങ്ങള്‍ക്ക് പുറമെ മൂന്ന് അര്‍ജന്റൈന്‍ കളിക്കാരും ടീമിലെത്തി.
ഗ്രൂപ്പ് ബിയില്‍ മോഹന്‍ ബഗാനാണ് മികച്ച ടീം. ഫെഡറേഷന്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സെമിഫൈനലില്‍ പക്ഷേ നിറംകെട്ടു. 2003 ലാണ് ബഗാന്‍ അവസാനമായി ഐ എഫ് എ ഷീല്‍ഡ് ഉയര്‍ത്തിയത്.
കരിമ്പുലികളെന്നറിയപ്പെടുന്ന മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് പുതിയ കോച്ച് സഞ്ജയ് സെന്നിന് കീഴില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഫെഡറേഷന്‍ കപ്പ് സെമിഫൈനല്‍ ബെര്‍ത് നഷ്ടമായത് ഗോള്‍ശരാശരിയില്‍ പിറകിലായത് കൊണ്ട് മാത്രം.
ഷില്ലോംഗ് ലജോംഗ് പിന്‍മാറിയതിനെ തുടര്‍ന്നാണ് യുനൈറ്റഡ് സിക്കിമിന് വഴിയൊരുങ്ങിയത്. മഞ്ഞിലെ സിംഹങ്ങളെന്ന് ഇരട്ടപ്പേരുള്ള സിക്കിം യുനൈറ്റഡ് അട്ടിമറി പ്രതീക്ഷയിലാണ്.അഞ്ച് വര്‍ഷത്തിനിടെ ഐ എഫ് എ ഷീല്‍ഡ് കളിക്കുന്ന ആദ്യ ബംഗ്ലാദേശ് ടീമാണ് ഷെയ്ക് ജമാല്‍. ഹെയ്തിയുടെ രാജ്യാന്തര താരം സോണി നോര്‍ഡെയാണ് ശ്രദ്ധേയ താരം.