ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് സമനില

Posted on: January 25, 2014 6:21 pm | Last updated: January 26, 2014 at 2:48 pm

india-newzilandഓക്‌ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ആവേശകരമായ സമനി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് പടുത്തുയര്‍ത്തിയ 314 വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും ഒന്‍പത് വിക്കറ്റിന് 314 റണ്‍സ് നേടി മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വാലറ്റക്കാരാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.

ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 18 റണ്‍സായിരുന്നു വിജയലക്ഷ്യം. രണ്ട് ഫോറും ഒരു സിക്‌സറും അടക്കം 17 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ സമനില നേടാന്‍ സഹായിച്ചത്. ജഡേജ പുറത്താകാതെ 66 റണ്‍സ് നേടി. ആര്‍ അശ്വിന്‍ (65), എം എസ് ധോണി (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

184/6 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ജഡേജ-അശ്വിന്‍ സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് 85 റണ്‍സ് അടിച്ചുകൂട്ടി. അശ്വിനാണ് ആദ്യം ആക്രമണം തുടങ്ങിയത്. 46 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു അശ്വിന്റെ ഇന്നിംഗ്‌സ്. അശ്വിന്‍ പുറത്തായതോടെ ജഡേജ ഉത്തരവാദിത്വം ഏറ്റെടുത്തു. 45 പന്ത് നേരിട്ട ജഡേജ നാല് ഫോറും അഞ്ച് സിക്‌സറും നേടി.

നേരത്തെ മാര്‍ട്ടില്‍ ഗുപ്റ്റിലിന്റെ സെഞ്ച്വറിയുടെ മികവിലാണ് കിവീസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഗുപ്റ്റില്‍ 11 റണ്‍സ് നേടി. കെയ്ന്‍ വില്യംസണ്‍ (65) ഗുപ്റ്റിലിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 153 റണ്‍സ് നേടി. വാലറ്റത്ത് 20 പന്തില്‍ 38 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചിയും 23 പന്തില്‍ 27 റണ്‍സ് നേടിയ ടിം സൗത്തിയുമാണ് കിവീസ് സ്‌കോര്‍ 300 കടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമിയും ജഡേജയും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.

മല്‍സരം സമനിലയിലായതോടെ പരമ്പര കൈവിടാതെ കാക്കാന്‍ ഇന്ത്യക്കായി. ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സമനിലയില്‍ പിടിക്കാം. ആദ്യ രണ്ട് മത്സരത്തിലും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു. പരമ്പരയിലെ നാലാം മത്സരം ചൊവ്വാഴ്ച ഹാമില്‍ട്ടണില്‍ നടക്കും.