മങ്കടക്കാര്‍ക്ക് നിരാശ

Posted on: January 25, 2014 12:55 pm | Last updated: January 25, 2014 at 12:55 pm

മങ്കട: ഈ വര്‍ഷത്തെ സാമ്പത്തിക ബജറ്റ് മങ്കടക്കാര്‍ക്ക് നല്‍കിയ ഏറെ നിരാശ. മാണിസാറിന്റെ ബജറ്റില്‍
ഏറെ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് യുഡി എഫ് കേന്ദ്രങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. പാലൂര്‍ കോട്ടയില്‍ വ്യവസായ കേന്ദ്രം, മൂര്‍ക്കനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങി ഇവിടത്തുകാരുടെ പ്രതീക്ഷകളാണ് ഇന്നലെ പൂര്‍ത്തിയാകാതെ പോയത്. മങ്കട കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്കാശുപത്രിയാക്കി ബജറ്റില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് യു ഡി എഫ് കേന്ദ്രങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ അവകാശവാദത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുമ്പില്‍ ഉപവാസം സംഘടിപ്പിച്ചപ്പോള്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടി കേന്ദ്രമന്ത്രി മുതല്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് വരെ ആവശ്യമുന്നയിച്ച വാര്‍ത്തകളും പാര്‍ട്ടി പത്രത്തിലെ ഈ ആവശ്യവമായി വന്ന വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തി പ്രഖ്യാപിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് ഈ ആവശ്യം നേരിട്ട് ആരോഗ്യ മന്ത്രിയെ അറിയിക്കുയും ചെയ്തിരുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനായി പ്രഖ്യാപിച്ച് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ ഇതിനുള്ള സ്റ്റാഫ് പാറ്റേണ്‍ ഇതുവരെ നടപ്പിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇത് യു ഡി എഫില്‍ തന്നെ ഏറെ ചര്‍ച്ചകള്‍ വഴിവെച്ചിരുന്നു. എന്നാല്‍ പെരിന്തല്‍മണ്ണ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായ ശേഷം ഏറെ സാധ്യതയുള്ള മങ്കടക്ക് താലൂക്ക് പദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ മങ്കടക്ക് ഒരു ഗവണ്‍മെന്റ് കോളജും ഒരു മാവേലി സ്റ്റോറും കെ എസ് എഫ് യുടെ ഒരു ശാഖയും അനുവദിച്ചിരുന്നു. ഈ കോളജില്‍ സ്ഥിര അധ്യാപകരെ നിയമിക്കാന്‍ ഇനിയും കഴിയാത്തതില്‍ ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മവേലി സ്റ്റോര്‍ മന്ത്രിയുടെ നാട്ടിലേക്ക് പോയതായും പരാതിയുണ്ട്.