ദുബൈ എക്‌സ്‌പോര്‍ട്‌സ് മുംബൈയില്‍ ഓഫീസ് തുറന്നു

Posted on: January 24, 2014 8:58 pm | Last updated: January 24, 2014 at 8:58 pm

Eng Saed at the opening ceremonyദുബൈ: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എകണോമിക് ഡവലപ്‌മെന്റിനു കീഴിലുള്ള എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഏജന്‍സിയായ ദുബൈ എക്‌സ്‌പോര്‍ട്‌സ് മുംബൈയില്‍ ഓഫീസ് തുറന്നു. ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള കയറ്റുമതിയും പുനര്‍ കയറ്റുമതിയും പരിപോഷിപ്പിക്കുന്നതിനാണ് ഇന്ത്യന്‍ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ കേന്ദ്രം തുറന്നിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്ക് ആഗോള മാര്‍ക്കറ്റിലേക്കുള്ള പ്രവേശനവും പ്രവര്‍ത്തനവും സുഗമമാക്കുന്നതിന് കേന്ദ്രം ഉപകരിക്കും.
ഇന്ത്യ, ദുബൈയുമായി ശക്തമായ വാണിജ്യ ബന്ധം പുലര്‍ത്തുന്ന രാജ്യമാണ്. 2013ന്റെ ആദ്യ ഒമ്പതു മാസത്തെ കണക്കനുസരിച്ച് മാത്രം 1,11,000 കോടി ദിര്‍ഹമിന്റെ കച്ചവടം ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി പറഞ്ഞു. മുംബൈയില്‍ പുതിയ കേന്ദ്രം തുറക്കുന്നതോടെ ഇന്ത്യയും യു എ ഇയും തമ്മില്‍ കയറ്റുമതി പുനര്‍ കയറ്റുമതി രംഗത്ത് പത്ത് ശതമാനം വര്‍ധനവ് ഉണ്ടാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെയും എണ്ണത്തില്‍ വര്‍ഷവും വലിയ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ആഗോള തലത്തില്‍ ഗുബൈ എക്‌സ്‌പോര്‍ട്ടിന്റെ 20ാമത്തെ കേന്ദ്രമാണ് മുംബൈയിലേത്. താമസ-കുടിയേറ്റ വകുപ്പ്, ജബല്‍ അലി ഫ്രീ സോണ്‍, ഡി പി വേള്‍ഡ്, എമിറേറ്റ്‌സ് എയര്‍ലൈന്‍ തുടങ്ങിയവ കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.