സര്‍ക്കാറിന്റെ സൗജന്യ മിക്‌സിയും ഗ്രൈന്‍ഡറും എല്ലാവര്‍ക്കും ലഭിച്ചില്ലെന്ന് പരാതി

Posted on: January 24, 2014 7:00 am | Last updated: January 24, 2014 at 7:08 am

ഗൂഡല്ലൂര്‍: തമിഴ്‌നാട് സര്‍ക്കാറിന്റെ സൗജന്യ മിക്‌സിയും ഗ്രൈന്‍ഡറും, ഇന്‍ഡക്ഷന്‍കുക്കറും എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിച്ചില്ലെന്ന് പരാതി. നെല്ലാക്കോട്ട പഞ്ചായത്തിലെ മേഫീല്‍ഡിലെ നിരവധി പേര്‍ക്ക് സാധനങ്ങള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവിടെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. ചിലരെ മാത്രം ഒഴിവാക്കുകയായിരുന്നു. ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്ന് പന്തല്ലൂര്‍ താലൂക്കിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റിയവര്‍ക്കാണ് സാധനങ്ങള്‍ ലഭിക്കാത്തത്. ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്ന് പന്തല്ലൂര്‍ താലൂക്കിലെ മേഫീല്‍ഡിലേക്ക് താമസം മാറ്റിയവര്‍ക്കാണ് മുടന്തന്‍ ന്യായംപറഞ്ഞ് സൗജന്യ സാധനങ്ങള്‍ നല്‍കാതിരുന്നതെന്നാരോപണം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അലംഭാവംകാരണമാണ് ഇതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ പ്രസ്തുത കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ സാരിയും തുണിയും ലഭിച്ചിട്ടുമുണ്ട്. ഇതുസംബന്ധിച്ച് ജനങ്ങള്‍ പന്തല്ലൂര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.