Connect with us

Ongoing News

നാരിമാരുടെ നാണവും തോഴിമാരുടെ കളിവാക്കും

Published

|

Last Updated

പാലക്കാട് : കരിമ്പന കൂട്ടങ്ങളെ പിടിച്ചുലച്ച് ആഞ്ഞുവീശിയ പാലക്കാടന്‍ കാറ്റിന് ഇന്നലെ നാരിമാരുടെ നാണവും താളപ്പെരുക്കത്തിന്റെ മുഴക്കവുമായിരുന്നു. പൊടി പാറുന്ന നഗരിക്ക് മലയാളി മങ്കമാരുടെ അഴകും. രഥോത്സവത്തിന്റെ പാലക്കാടന്‍ തെരുവില്‍ ഇശലും ചുവടും നടനകാന്തിയും നാദ മാധുരിയും പഞ്ചവാദ്യവും മേളപ്പെരുക്കം തീര്‍ത്ത നാളില്‍ വില്ലനായെത്തിയ കാറ്റും പൊടിയും ചൂടും അവഗണിച്ചെത്തിയ ജനത്തിന് എ ഗ്രേഡ്.

കോട്ട കവിഞ്ഞെത്തിയ ജനത്തെ കലയുടെ നിറസദ്യയൂട്ടിയ നാല് പകലും രാവും പിന്നിടുമ്പോള്‍ പാലക്കാടന്‍ കൗമാരം തന്നെയാണ് മുന്നില്‍. 511 പോയിന്റുള്ള ആതിഥേയര്‍ക്ക് തൊട്ടു പിന്നില്‍ 508 പോയിന്റുമായി തൃശൂരുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് 505 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
നാരിമാരെത്തിയ വേദിയും ഈണത്തില്‍ കൊട്ടികയറിയ ദഫും അറബനയും പിന്നെ വട്ടപ്പാട്ടും പൊടിക്കാറ്റിനൊപ്പം നഗരിയില്‍ ഇശല്‍ മഴയായി പെയ്തിറങ്ങി. പാലക്കാടിനിന്നലെ ഒപ്പനരാവായിരുന്നു. കളിവാക്ക് പറഞ്ഞും കളിയാക്കി ചിരിച്ചും അണിഞ്ഞൊരുങ്ങിയെത്തിയ നാരിമാരെയും തോഴിമാരെയും ഇരുകൈയും നീട്ടി നഗരി സ്വീകരിച്ചു. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ പ്രധാന വേദിയും കവിഞ്ഞ ജനം പാതിരാ വരെ മൊഞ്ചത്തിയഴകില്‍ ഉറക്കമൊഴിച്ചിരുന്നു. മലയാളി മങ്കമാര്‍ ആരതിയുഴിഞ്ഞ വേദി രണ്ടിലും അറബനയും ദഫും താളമിട്ട വിക്‌ടോറിയ കോളജും താളപ്രിയരുടെ സാന്നിധ്യം കൊണ്ട് വേദി മണിവീണയും ഇന്നലെ സമ്പന്നമായിരുന്നു.
കളിയരങ്ങുകളില്‍ സാംസ്‌കാരിക ദുരന്ത സ്മൃതികളുണര്‍ത്തിയ നാടകവേദി കലാകേരളത്തെ ഇരുത്തി ചിന്തിപ്പിച്ചപ്പോള്‍ ടൗണ്‍ഹാളിലെ യവനികയില്‍ നാടകാഭിനിവേശവുമായി ജനം ഒന്നിച്ചൊഴുകിയെത്തി. വേനല്‍ച്ചൂടും അതിനപ്പുറത്തെ മത്സരച്ചൂടും കലയുടെ കനലാട്ടം തീര്‍ത്ത് മുന്നേറുമ്പോള്‍ വിധികര്‍ത്താക്കളെ ചൊല്ലിയുള്ള വിവാദങ്ങളും നിലക്കാതെ ഉയരുന്നുണ്ട്.