Connect with us

Articles

ഉപചാരത്തിന്റെ പേരില്‍ സയണിസത്തെ പരിചരിക്കുന്നവര്‍

Published

|

Last Updated

ഇരുപതാം നൂറ്റാണ്ടിനെ രക്തപങ്കിലമാക്കിയ സയണിസ്റ്റ് ഭീകരതയുടെ പ്രതീകമാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഏരിയല്‍ ഷാരോണ്‍. സയണിസത്തിന്റെ വക്താവും പ്രയോക്താവുമായ ഷാരോണ്‍ ജൂത വംശീയവാദം കൊണ്ട് ആത്മാവ് നഷ്ടപ്പെട്ട ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ രൂപവത്കരണം തൊട്ട് അതിന്റെ സൈനിക കമാന്‍ഡറായിരുന്നു. ഫലസ്തീനികളുടെ ദേശീയ സ്വത്വത്തെ നിഷേധിക്കുകയും സയണിസ്റ്റ് അധിനിവേശം വേഗത്തിലാക്കാന്‍ അറബ്, മുസ്‌ലിംകളുടെ ഉന്മൂലനം രീതിശാസ്ത്രമായി പ്രയോഗിക്കുകയും ചെയ്ത ഷാരോണിന്റെ പൗരുഷത്തെ പലരുമിപ്പോള്‍ പുകഴ്ത്തുകയാണ്. അമേരിക്കയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഭരണാധികാരികളും ക്രൂരനും ഭീകരനുമായ ഷാരോണിനെ സമാധാനവാദിയായി അവതരിപ്പിക്കുന്നു. ചരിത്രത്തിലെ മഹാപാതകങ്ങളില്‍ ഷാരോണിനുള്ള പങ്കിനെ മരണം മായ്ച്ചുകളയുമോ? ഒരു മരണം കൊണ്ട് മായ്ച്ചുകളയാന്‍ കഴിയുന്നതാണോ ലബനാനിലും ഗാസയിലും ബൈറൂത്തിലും ഷാരോണ്‍ നടത്തിയ കൂട്ടക്കൊലകള്‍?
മരണാനന്തരം ഉപചാരപൂര്‍വം നടത്തുന്ന അനുശോചന പ്രസ്താവനകള്‍ മാനവരാശിയോട് പരേതന്‍ കാണിച്ച പാതകങ്ങളെയും ക്രൂരതകളെയും മറച്ചുപിടിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന വഞ്ചനയല്ലാതെ മറ്റെന്താണ്? ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അനുശോചന സന്ദേശവും ഈ മട്ടിലായിപ്പോയി എന്ന് പറയാതെ വയ്യ. ഉപചാര മര്യാദകള്‍ ചരിത്രത്തിന്റെ വസ്തുനിഷ്ഠതയെ നിരാകരിക്കുന്നതാകുമ്പോള്‍ അതൊരു രാഷ്ട്രീയ കുറ്റമാണ്. ഒരാള്‍ ക്രൂരനായി ചിന്തിക്കുമ്പോള്‍ അയാള്‍ക്ക് ആത്മാവ് നഷ്ടപ്പെടുന്നുവെന്നാണ് മഹാത്മാ ഗാന്ധി എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്. ക്രൂരനായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാള്‍ക്കും ഇരിടത്തും ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ കഴിയില്ല. ഷാരോണിനെ മരണാനന്തര ഉപചാരങ്ങളുടെ പേരില്‍ സമാധാനകാംക്ഷിയെന്ന് വിശേഷിപ്പിച്ച ലോക നേതാക്കള്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും പശ്ചിമേഷ്യയില്‍ ഷാരോണ്‍ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ച് എന്തുകൊണ്ട് മൗനം പാലിച്ചു? ഫലസ്തീന്‍ ജനത അവരുടെ നെഞ്ചില്‍ കൈ വെച്ച് ലോകത്തോട് ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു.
ദസ്തയേവ്‌സ്‌കി “കാരമസോവ് സഹോദരന്മാരി”ല്‍ അനാവരണം ചെയ്ത “കലാപരമായ ക്രൂരത” പശ്ചിമേഷ്യന്‍ മണ്ണില്‍ വ്യാപകമാക്കിയത് മറ്റു ഇസ്‌റാഈല്‍ നേതാക്കള്‍ക്കൊപ്പം ഷാരോണാണ്. ക്രൂരതയെ ജീവിത മൂല്യമാക്കിയ സയണിസ്റ്റ് ഭീകരവാദികള്‍ ഷാരോണിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ടക്കൊലകള്‍ മനുഷ്യ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയതാണ്. ലെബനാനിലെ സാബ്ര, ശാത്വില അഭയാര്‍ഥി ക്യാമ്പുകളില്‍ ആയിരങ്ങളെയാണ് ഷാരോണ്‍ നിഷ്‌കരുണം കശാപ്പ് ചെയ്തത്. സിയോണിസ്റ്റ് ഭീകരരുടെ ഈ കൂട്ടക്കൊലയില്‍ ഹൃദയം നൊന്ത് പ്രശസ്ത അറബ് കവി ഖലീല്‍ ഖനി ആത്മഹത്യ ചെയ്യും മുമ്പ് എഴുതി വെച്ച കുറിപ്പില്‍ “ഈ വാര്‍ന്നൊലിക്കുന്ന രക്തത്തില്‍ ഞാന്‍ മുങ്ങിമരിക്കട്ടെ”യെന്നാണ് രേഖപ്പെടുത്തിയത്.
ഫലസ്തീന്‍ ജനതയെ ലബനാനില്‍, കഫര്‍ ഖാസിമില്‍, ബൈറൂത്തില്‍, റാമല്ലയില്‍, ഗസ്സയില്‍, ഖല്‍ഖിയയില്‍ കൊന്നുകൂട്ടുകയായിരുന്നു. ഖലീല്‍ ഖസി എഴുതിയ പോലെ രക്തത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ഇതിനെല്ലാം നേതൃത്വം കൊടുത്തത് പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഷാരോണായിരുന്നു. സ്വാതന്ത്ര്യവും ജന്മദേശവും നഷ്ടമായ ഒരു ജനതയുടെ പോരാട്ടങ്ങളെ, നീതിപൂര്‍വകമായ അസ്ഥിത്വത്തിന് വേണ്ടിയുള്ള അഭ്യര്‍ഥനകളെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്.
“രാജ്യമില്ലാത്ത ഒരു ജനതക്ക് ജനതയില്ലാത്ത ഒരു രാജ്യം” എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്‌റാഈല്‍ രാഷ്ട്രം പിറന്നുവീണത്. ഒരു വലിയ നുണയുടെ വിളംബരമായിരുന്നു ഈ രാഷ്ട്രപ്രഖ്യാപനം തന്നെ. ഈയൊരു നുണയുടെ വിളംബരവുമായിട്ടാണ് ഷാരോണ്‍ ഉള്‍പ്പെടെയുള്ള സയണിസ്റ്റ് ഭീകരര്‍ ഒരു ജനതയെ അവരുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ആവാസ മേഖലകളില്‍ നിന്ന് തുരത്തിയത്. 1948ല്‍ പതിനാല് ലക്ഷത്തോളം ഫലസ്തീനികള്‍ അവിടെ താമസമാക്കുമ്പോഴാണ് “ജനതയില്ലാത്ത രാജ്യം” എന്ന പെരും നുണ യാങ്കികളും സയണിസ്റ്റുകളും പ്രചരിപ്പിച്ചത്. ഇസ്‌റാഈല്‍ രാഷ്ട്ര രൂപവത്കരണത്തിനു ശേഷം നടന്ന പ്രചണ്ഡമായ പ്രചാരണവും സൈനികാക്രമണവും മൂലം 84 ശതമാനത്തോളം ഫലസ്തീനികള്‍ക്കും അവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നു. അവര്‍ സ്വയം പോയതിനാല്‍ തിരിച്ചുവരാന്‍ അവകാശമില്ലെന്നായിരുന്നു സയണിസ്റ്റുകളുടെ വാദം.
ക്രൂരതയുടെയും ആത്മവഞ്ചനയുടെയും കാപട്യത്തിന്റെയും പ്രത്യയശാസ്ത്രമായിരുന്നല്ലോ സയണിസം. ഇസ്‌റാഈലിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബന്‍ഗൂറിയന്‍ ലോകത്തോട് പറഞ്ഞത് തങ്ങളൊരിക്കലും ഫലസ്തീനികളെ തുരത്തിയിട്ടില്ല എന്നായിരുന്നു. ഏരിയല്‍ ഷരോണിനെപ്പോലുള്ളവരുടെ മൂന്‍ കൈയില്‍ ഡറിസണ്‍ എന്നാക്രോശിച്ചുകൊണ്ട് ഫലസ്തീന്‍കാരെ കശാപ്പ് ചെയ്യുന്നതില്‍ ആത്മനിര്‍വൃതി കണ്ടെത്തിയവരാണ് ഇസ്‌റാഈല്‍ രാഷ്ട്രത്തിന് നേതൃത്വം നല്‍കിയത്. അതുകൊണ്ടാണ് ഗാന്ധിയും ഇസ്‌റാഈല്‍ രാഷ്ട്രത്തെ തള്ളിപ്പറഞ്ഞത്. ഇസ്‌റാഈലിനെ ആധുനിക രാഷ്ട്ര സിദ്ധാന്തങ്ങള്‍ക്ക് നിരക്കാത്ത വംശീയ ഭ്രാന്തായാണ് നെഹ്‌റു കണ്ടത്. ഇസ്‌റാഈലിന്റെ നിയമങ്ങള്‍ ബൈബിളിന്റെ പഴയ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. യഹോവ ആ രാജ്യത്തിന്റെ ദേശീയ ദൈവമാണ്. മതനിരപേക്ഷത എന്ന ആധുനിക രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തെ തന്നെ നിരാകരിക്കുന്ന വംശീയ രാഷ്ട്രമാണത്. രാഷ്ട്രവും മതവും ദൈവവും ചേരുന്ന ക്രൂരവും തങ്ങള്‍ക്കഭിമതരല്ലാത്ത ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് സാദ്ധാന്തമാണ് സയണിസ്റ്റ് രാഷ്ട്രത്തെ നിര്‍ണയിക്കുന്നത്.
ഐക്രരാഷ്ട്ര സഭാ പ്രമേയങ്ങളും അന്താരാഷ്ട്ര ധാരണകളും കരാറുകളും നിരന്തരമായി ലംഘിച്ചുകൊണ്ടാണ് ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ന്നത്. ഫലസ്തീനിന്റെ ഭാഗമായ ഗാസ പ്രദേശം 1967ല്‍ ബലം പ്രയോഗിച്ചാണ് ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയത്. അധിനിവേശത്തിനും ദേശീയ സ്വത്വ നിഷേധത്തിന്റെതായ കടന്നാക്രമണങ്ങള്‍ക്കുമെതിരെ പോരാടാനുള്ള ഫലസ്തീനികളുടെ അവകാശത്തിന് നേരെയാണ് സയണിസ്റ്റ് ഭീകരര്‍ കൂട്ടക്കൊലകള്‍ അഴിച്ചുവിട്ടത്. ഫലസ്തീന്‍ കവി മുഹമ്മദ് ദര്‍വീശിന്റെ ഭാഷയില്‍, “വെണ്ണയില്‍ കത്തി കയറ്റുന്നതുപോലെ ജനതയെ ഉന്മൂലനം ചെയ്ത് രസിക്കുകയായിരുന്നു” സയണിസ്റ്റുകള്‍.
രാഷ്ട്രമായി നിലനില്‍ക്കാനുള്ള ഒരു ജനതയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയുമാണ് ഇസ്‌റാഈല്‍ ഭീകരവാദികള്‍ സാമ്രാജ്യത്വ പിന്തുണയോടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കടന്നാക്രമണങ്ങളിലൂടെ ഭേദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നും ഫലസ്തീന്‍ ജനതക്ക് ഒപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടെത്. തൊണ്ണൂറുകള്‍ക്ക് ശേഷം ഈയൊരു നിലപാടിന് ചാഞ്ചല്യമുണ്ടായി. ഷാരോണിനും പെരസിനുമെല്ലാം ഇന്ത്യയിലേക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് യു പി എ, എന്‍ ഡി എ സര്‍ക്കാറുകള്‍ ചെയ്തത്. “ഹിന്ദി- ഹീബ്രു ഭായ് ഭായ്”വിളികളോടെയായിരുന്നല്ലോ ഇന്ത്യ ഷാരോണിനെ വരവേറ്റത്. ഇന്ത്യ ഏറ്റവും അടുത്ത നയതന്ത്ര ബന്ധമാണ് ഇസ്‌റാഈലിനോട് ഇപ്പോള്‍ പുലര്‍ത്തുന്നത്. സൈനിക കരാറുകളും ആയുധ കരാറുകളും ഇരു രാജ്യങ്ങളുമായി നടക്കുന്നു. കാശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഭീകരരെ നേരിടാനെന്ന വ്യാജേന സംയുക്ത സൈനിക പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നു.
മറ്റു രാജ്യങ്ങളിലെ ജനങ്ങളെ നീചന്മാരായി കാണാനും വെറുക്കാനും പ്രേരിപ്പിക്കുന്ന ഒരു നയം ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയാണെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്. ജനതയെയും സര്‍ക്കാറിനെയും വേര്‍തിരിച്ചുകാണണം. ലോക ജനതയോട് ഒരു രാഷ്ട്രം കാണിക്കുന്ന ക്രൂരതയെ ഉപചാര മര്യാദയുടെ പേരില്‍ അപലപിക്കാതിരിക്കുന്നതും സാര്‍വദേശീയ പാതകങ്ങളില്‍ നിശ്ശബ്ദത പുലര്‍ത്തുന്നതും മനുഷ്യ വംശത്തോട് ചെയ്യുന്ന അപരാധമാണെന്നാണ് നെഹ്‌റു ദശകങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടുള്ളത്. ഷാരോണിനെ സ്തുതിക്കുന്നവര്‍ ഇസ്‌റാഈല്‍ രാഷ്ട്രം ലോകത്തോട് കാണിച്ച പാതകങ്ങളെ കാണാതിരിക്കുന്നത് ചരിത്രപരമായ അസംബന്ധമായിരിക്കും.

Latest