മര്‍കസ് മീലാദ് മിലന്‍ സ്‌നേഹോത്സവമായി

Posted on: January 18, 2014 8:19 am | Last updated: January 18, 2014 at 8:19 am

കോഴിക്കോട്: മര്‍കസ് മീലാദ് മിലന്‍ നഗരത്തിന്റെ സ്‌നേഹോത്സവമായി. വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ടവര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമിനാറോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
പ്രവാചക ദര്‍ശനങ്ങള്‍ മാനവികതയുടെ സന്ദേശമാണ് ഉദ്‌ഘോഷിക്കുന്നതെന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതനായ മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ സമകാലിക ലോകത്തിന്റെ സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. മര്‍കസ് ടൗണ്‍ മസ്ജിദ് ഇമാം അബ്ദുന്നാസര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചിന്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ.രജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനും പ്രവാചക ജീവിതവുമാണ് തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകര്‍ന്നതെന്നും തിന്മയെയും അധാര്‍മികതയെയും നാവു കൊണ്ടെങ്കിലും പ്രതിരോധിക്കണമെന്ന പ്രവാചക പാഠമാണ് താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, എന്‍ അലി അബ്ദുല്ല, ശൗക്കത്ത് മുണ്ടേങ്കാട്ടില്‍ പ്രസംഗിച്ചു. സുന്നിവോയ്‌സ് എഡിറ്റര്‍ ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി മോഡറേറ്ററായി.
ഏഴു മണിക്ക് മര്‍കസ് കോംപ്ലക്‌സ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തില്‍ എന്‍ അലി അബ്ദുല്ല പ്രകീര്‍ത്തന പ്രഭാഷണം നടത്തി. സി എം മര്‍കസ് സംഘം ബുര്‍ദ മജ്‌ലിസിന് നേതൃത്വം നല്‍കി. നിയാസ് ചോലയുടെ നേതൃത്വത്തില്‍ കലാപ്രതിഭകള്‍ അവതരിച്ച സര്‍ഗമേള നവ്യാനുഭവമായി.
പ്രാര്‍ഥനാ സദസ്സിന് എസ് എസ് എഫ് ദേശീയ ട്രഷറര്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കി. സയ്യിദ് മുല്ലക്കോയ തങ്ങള്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് സൈനി നന്ദിയും പറഞ്ഞു.