Connect with us

National

പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാവില്ല; രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെങ്കിലും രാഹുല്‍ ഗാന്ധി തന്നെയായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക. ഇന്ന് നടക്കുന്ന എ ഐ സി സി സമ്മേളനത്തിന് മുന്നോടിയായി നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എ ഐ സി സി സമ്മേളനത്തില്‍ രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിനില്ല എന്നാണ് പാര്‍ട്ടി വക്താവ് ജനാര്‍ദനന്‍ ദ്വിവേദി പ്രതികരിച്ചത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ സോണിയാ ഗാന്ധി എതിര്‍ത്തതായി അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസും ആ വഴി സ്വീകരിക്കേണ്ടതില്ലെന്നാണ് സോണിയ അഭിപ്രായപ്പെട്ടതെന്ന് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം ജനാര്‍ദനന്‍ ദ്വിവേദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് രാഹുല്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ദ്വിവേദി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലായിരിക്കും കോണ്‍ഗ്രസിനെ നയിക്കുകയെന്ന് ദ്വിവേദി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഏറെക്കാലമായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ സാഹചര്യത്തില്‍ രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തിലെത്തിയ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടു. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടു വെച്ചു. രാഹുലിന്റെ നേതൃത്വത്തിലായിരിക്കണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങേണ്ടതെന്നും നേതാക്കള്‍ വാദിച്ചു. സല്‍മാന്‍ ഖുര്‍ഷിദ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ ഈ ആവശ്യത്തെ പിന്തുണച്ചു. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാത്തവര്‍ക്ക് പുറത്തു പോകാമെന്നാണ് ഖുര്‍ഷിദ് പറഞ്ഞത്. യാഥാര്‍ഥ്യ ബോധത്തോടു കൂടിയ തീരുമാനങ്ങള്‍ എടുക്കണമെന്ന് മറു വിഭാഗവും വാദിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നാല്‍ അത് രാഹുലിന്റെ പരാജയമായി ചിത്രീകരിക്കപ്പെടുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിനില്ല എന്ന സോണിയയുടെ വാദത്തിന് ഒടുവില്‍ അംഗീകാരം ലഭിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നല്‍കുന്ന ഏത് പദവിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. താന്‍ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും വഹിക്കുമെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്. ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുല്‍ ആവര്‍ത്തിച്ചു.
മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയ മന്‍മോഹന്‍ സിംഗ്, രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും അഭിപ്രായപ്പെട്ടിരുന്നു.