Connect with us

Kozhikode

കാരപ്പറമ്പില്‍ നിന്ന് യുവാവിനെയും യുവതിയെയും കാണാതായ കേസ്; ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്

Published

|

Last Updated

കോഴിക്കോട്: കാരപ്പറമ്പ് ഗാന്ധി കോളനിയില്‍നിന്നും നാല് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ കെ സി സുധീഷ്‌കുമാര്‍ – വി വിസ്മയ തിരോധാന കേസില്‍ പോലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ കെ സി സുധീഷ് മിസിംഗ് ആക്ഷന്‍ കമ്മിറ്റി രംഗത്ത്. കേസില്‍ പോലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന ആവശ്യവുമായി 22ന് കാലത്ത് 10 മണിക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസ സമരം നടത്തുമെന്ന് ഭാവവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരേ കോളനിയില്‍ അയല്‍ക്കാരായി താമസിക്കുന്ന കെ സി സുധീഷ് കുമാറിനെ(25)യും പരേതനായ വി ബാലകൃഷ്ണന്റെ മകള്‍ വി വിസ്മയ(19)യെയും കാണാതായിട്ട് നാല് മാസം പിന്നിട്ടു.
കാണാതായ ദിവസം തന്നെ നടക്കാവ് സ്റ്റേഷനില്‍ സുധീഷ് കുമാറിന്റെ അച്ഛന്‍ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് എസ് ഐ മുതല്‍ മുകളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും എം പി, എം എല്‍ എ, മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് നിരവധി സംരക്ഷണ നിയമങ്ങള്‍ നിലവിലിരിക്കെയാണ് പോലീസിന്റെ ഈ അനാസ്ഥയെന്നും ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാമദാസ് വേങ്ങേരി, ജനറല്‍ കണ്‍വീനര്‍ കെ കെ വേലായുധന്‍, കണ്‍വീനര്‍മാരായ വി വിക്രമന്‍, കെ യു വേലായുധന്‍, പി ഉദയകുമാര്‍, കെ കെ അജിത്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.