തിരുനബി(സ): ചില സുവര്‍ണ ചിത്രങ്ങള്‍

  Posted on: January 14, 2014 6:00 am | Last updated: January 13, 2014 at 11:07 pm

  madeena
  ലോകത്തിനാകെ അനുഗ്രമഹമായാണ് തിരുനബി(സ) നിയുക്തനായത്. അവിടുത്തെ ജീവിതവും ദര്‍ശനവും മാത്രമല്ല; ആ ശരീരവും അതില്‍ നിന്ന് നിര്‍ഗളിക്കുന്ന ഉമിനീരും വിയര്‍പ്പും പോലും ലോകത്തിന് അനുഗ്രഹമായി ഭവിച്ചു. ആ തിരുവായില്‍ നിന്ന് ഉതിര്‍ന്നുവീണ പ്രാര്‍ഥനാ വചനങ്ങളാല്‍ നിരവധി പേര്‍ക്ക് സൗഭാഗ്യ സിദ്ധിയുണ്ടായി. ചരിത്രത്തിലെ സമാനതകളില്ലാത്ത അനുഭവം. അതിലെ ഏതാനും ചില ചിത്രങ്ങളാണ് താഴെ. തിരുനബി(സ) മദീനയിലെത്തിയ അവസരം. സ്വഹാബിവനിതയായ ഉമ്മുസുലൈം(റ) തന്റെ പ്രിയപുത്രന്‍ അനസ്(റ) വിനെയും കൂട്ടി റസൂലിനെ(സ) തങ്ങളെ കാണാനെത്തി. തിരുനബി(സ) തങ്ങളോട് മഹതി പറഞ്ഞു. ”അല്ലാഹുവിന്റെ റസൂലേ, ഇതെന്റെ മകന്‍ അനസാണ്. ഇവനെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിച്ചിരിക്കുന്നു. താങ്കള്‍ക്ക് വേണ്ട സേവനങ്ങളെല്ലാം ഇവന്‍ ചെയ്തുതരും. പകരം താങ്കള്‍ അവന് വേണ്ടി പ്രാര്‍ഥിക്കണം”.

  നബി(സ) ആ സ്‌നേഹ സമ്മാനം സ്വീകരിച്ചുകൊണ്ട് പ്രാര്‍ഥിച്ചു. ”അല്ലാഹുവേ, ഈ കുഞ്ഞിന് നീ ധാരാളം സമ്പത്തും സന്താനങ്ങളും നല്‍കേണമേ. ആയുസ്സില്‍ ബറകത്ത് ചൊരിയേണമേ”. തിരുനബി(സ)യുടെ ആ പ്രാര്‍ഥനയുടെ ഫലമെന്നോണം പില്‍ക്കാലത്ത് അനസ്(റ)വിന് വിവിധ ഭാര്യമാരിലായി നൂറിലധികം സന്താനങ്ങള്‍ ജനിച്ചു. സാമ്പത്തികമായി വലിയ പുരോഗതിയുണ്ടായി. എല്ലാവരുടെയും ഈത്തപ്പഴത്തോട്ടങ്ങള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം വിളവ് നല്‍കുമ്പോള്‍ അനസ്(റ) വിന്റെത് രണ്ട് പ്രാവശ്യം ഏറ്റവും മികച്ച വിളവ് നല്‍കി… ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് ലഭിക്കുകയും ചെയ്തു അനസ്(റ)വിന്. മരണസമത്ത് 103 വയസ്സുണ്ടായിരുന്നു മഹാനെന്നാണ് ചരിത്രം.
  സഅ്ദ്ബ്‌ന് അബീ വഖാസ്(റ), തിരുനബി(സ) സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിച്ച പത്ത് പേരില്‍ ഒരാളാണ്. ഒരിക്കല്‍ നബി(സ) തങ്ങള്‍ സഅദ്(റ) വിന് വേണ്ടി പ്രാര്‍ഥിച്ചു. ”സഅദിന്റെ പ്രാര്‍ഥനക്ക് നീ ഉത്തരം നല്‍കേണമേ”അങ്ങനെ സഅദ്(റ) എന്ത് പ്രാര്‍ഥിച്ചാലും ഉത്തരം ലഭിക്കുന്ന വ്യക്തിയായിത്തീര്‍ന്നു. ആ നാവ് കൊണ്ട് എന്ത് പറഞ്ഞാലും അതപ്പടി സംഭവിക്കുമായിരുന്നു. പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന ധന്യപുരുഷനായിട്ടാണ് ഇതര സഹാബികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടത്. രണ്ടാം ഖലീഫ ഉമര്‍(റ) വിന്റെ ഭരണകാലത്ത്, കൂഫയില്‍ ഗവര്‍ണറായിരിക്കെ, ഒരാള്‍ സഅദ്‌റ(റ) വിനെക്കുറിച്ച് അസത്യമായ ചില ആരോപണങ്ങളുന്നയിച്ച് ഖലീഫയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ സഅദ്(റ) അയാള്‍ക്കെതിരെ പ്രാര്‍ഥിച്ചു.”അല്ലാഹുവേ, എന്നെക്കുറിച്ച് അയാള്‍ പറയുന്നത് കളവാണെങ്കില്‍ ദാരിദ്ര്യത്തിലായി അയാളുടെ ആയുസ്സ് നീ ദീര്‍ഘിപ്പിക്കേണമേ. മ്ലേച്ഛമായ കാര്യങ്ങള്‍കൊണ്ടദ്ദേഹത്തെ പരീക്ഷിക്കേണമേ” സഅദ്(റ) പ്രാര്‍ഥിച്ചപോലെ, തന്നെയാണ് പിന്നീട് കാര്യങ്ങള്‍ സംഭവിച്ചത്. വയോവൃദ്ധനായിട്ടും തെരുവിലൂടെ യാചിച്ചു നടക്കേണ്ട ഗതികേടിലായി അയാള്‍. പക്ഷേ, അപ്പോഴും ഏതെങ്കിലും പെണ്‍കുട്ടികള്‍ അത് വഴി കടന്നുപോയാല്‍ അവരോട് ആ പ്രായത്തിലും ശൃംഗരിക്കുക വഴി അയാള്‍ സ്വയം പരിഹാസ്യനാകുമായിരുന്നു.

  ഒരിക്കല്‍ നബി തങ്ങള്‍ സ്വഹാബികള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോയി. പ്രമുഖരായ സഹാബികളെല്ലാം ആവശ്യം കഴിഞ്ഞ് നബി(സ) തിരിച്ചുവരുന്നതും കാത്ത് സദസ്സിലിരുന്നു. കൂട്ടത്തിലെ കുട്ടിയായ ഇബ്‌നു അബ്ബാസ്(റ) മാത്രം എഴുന്നേറ്റു പോയി അല്‍പ്പം വെള്ളം സംഘടിപ്പിച്ച് തിരുനബി തിരിച്ചുവരുന്ന വഴിയില്‍ കൊണ്ടുവെച്ചു. ആവശ്യനിര്‍വഹണം കഴിഞ്ഞു മടങ്ങി വരവെ തനിക്ക് അംഗശുദ്ധി വരുത്താനായി ഒരുക്കിവെച്ച വെള്ളം കണ്ട് തിരുനബി(സ) ചോദിച്ചു. ”എന്റെ ആവശ്യം സ്വയം കണ്ടറിഞ്ഞ് ഇങ്ങനെ പ്രവര്‍ത്തിച്ചതാരാണ്?” ”ഞാനാണ് നബിയേ” ഇബ്‌നു അബ്ബാസ് മറുപടി പറഞ്ഞു. ഈ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനായ നബി(സ) പ്രാര്‍ഥിച്ചു. ” അല്ലാഹുവേ, ഈ കുട്ടിക്ക് നീ നിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ നന്നായി പഠിപ്പിക്കേണമേ”. നബിയുടെ പ്രാര്‍ഥനാ ഫലമായി പില്‍ക്കാലത്ത് റഈസുല്‍ മുഫസ്സിരീന്‍- ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായി മാറി അബ്‌നു അബ്ബാസ്. ഖുര്‍ആനിലെ ഏത് സൂക്തത്തെക്കുറിച്ചും ഏത് സൂക്തത്തിന്റെ ആശയത്തെക്കുറിച്ചും അവതരണ പശ്ചാത്തലത്തെക്കുറിച്ചും വളരെ എളുപ്പത്തില്‍ പറയുമായിരുന്നു ആ മഹാന്‍.

  നാബിഗ(റ) ഒരിക്കല്‍ തിരുനബി(സ)യെ പുകഴ്ത്തി തിരുമുമ്പില്‍ വെച്ച് ഒരു കവിതയാലപിച്ചു. സംതൃപ്തനായ നബി(സ) നാബിഗയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ”നാബിഗാ, താങ്കളുടെ കവിത മനോഹരമായിരിക്കുന്നു. അല്ലാഹു താങ്കളുടെ വായ കേട് വരുത്താതിരിക്കട്ടെ.” ആ ആശീര്‍വാദം വെറുതെയായില്ല. വയസ്സ് നൂറിലേറെയായിട്ടും നാബിഗയുടെ വായില്‍ നിന്ന് പല്ല് കൊഴിഞ്ഞില്ല. ഏതെങ്കിലും പല്ല് കൊഴിഞ്ഞുപോയാല്‍ തന്നെ പ്രായമേറെ കഴിഞ്ഞതിന് ശേഷമായിരുന്നിട്ടുപോലും തത്സ്ഥാനത്ത് വേറെ പല്ലുകള്‍ മുളക്കുമായിരുന്നു.

  പ്രവാചക കീര്‍ത്തന കാവ്യമായ കസീദത്തുല്‍ ബൂര്‍ദയുടെ രചയിതാവ് ഇമാം മുഹമ്മദുല്‍ ബൂസൂരി (റ) മുമ്പ് കൊട്ടാര കവിയായിരുന്നു. അങ്ങനെയിരിക്കെയാണ് ബൂസൂരി ഇമാമിന് പക്ഷാഘാത രോഗം പിടിപെടുന്നത്. രോഗകാഠിന്യത്താല്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥ. കിടന്ന കിടപ്പില്‍ അദ്ദേഹം നേര്‍ച്ചയാക്കി. ‘എന്റെയീ അസുഖം ഭേദമായാല്‍ ലോക നേതാവായ തിരുനബി(സ)യെക്കുറിച്ച് ഞാനൊരു മദ്ഹ് ഗാനം രചിക്കും. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹമൊരു സ്വപ്‌നം കണ്ടു. തിരുനബി (സ) വീട്ടിലേക്ക് കടന്നുവരുന്നു. അവിടുന്ന് അസുഖബാധിതനായ ഇമാം ബൂസൂരിയുടെ ശരീരമാകെ ഒന്ന് തടവി. അത്ഭുതം! ഉണര്‍ന്നുനോക്കുമ്പോള്‍, ഇമാമിന് യാതൊരു കുഴപ്പവുമില്ല. യഥേഷ്ടം നില്‍ക്കാനും ഇരിക്കാനും നടക്കാനും സാധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇമാം ബുര്‍ദ രചിച്ചതെന്ന് ചരിത്രം.

  ഉത്ബതുബിന് ഫര്‍ഖദ് (റ) എന്ന സഹാബിക്ക് നാല് ഭാര്യമാരുണ്ടായിരുന്നു. സുഗന്ധം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഉത്ബയെ ആകര്‍ഷിക്കാനായി ഭാര്യമാരെല്ലാം സുഗന്ധം നന്നായി ഉപയോഗിക്കുമായിരുന്നു. പക്ഷേ, ഉത്ബ(റ) സുഗന്ധം ഉപയോഗിച്ചിരുന്നതേയില്ല. എങ്കിലും ഭാര്യമാരെക്കാള്‍ സുഗന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ ഭാര്യമാരെല്ലാം ചേര്‍ന്ന് ഉത്ബയോട് ആ രഹസ്യം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. ‘എന്റെ മുഖത്ത് ധാരാളം മുഖക്കുരുകളുണ്ടായിരുന്നു. ഒരിക്കല്‍ ഞാനതേക്കുറിച്ച് എന്റെ നേതാവായ റസൂല്‍ (സ) തങ്ങളോട് സങ്കടം പറഞ്ഞു. അപ്പോള്‍ അവിടുന്നെന്നോട് കുപ്പായമഴിച്ച് മുന്നിലിരിക്കാന്‍ പറഞ്ഞു. ഞാന്‍ മുമ്പിലിരുന്നു. അവിടുന്ന് തന്റെ തിരുകരങ്ങളില്‍ ഊതി എന്റെ മുതുകിലും വയറിന്മേലും തടവി. അന്നുമുതലാണ് എന്റെ ശരീരത്തില്‍ നിന്ന് ഈ സുഗന്ധം അടിച്ചുവീശാന്‍ തുടങ്ങിയത്.’