Malappuram
വിക്കി ഗ്രന്ഥശാല ഡിജിറ്റലൈസേഷന്‍ മത്സരത്തിന് മികച്ച പ്രതികരണം

മലപ്പുറം: മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളെ യൂനിക്കോഡ് ഡാറ്റയിലേക്ക് ടൈപ്പ് ചെയ്‌തെടുക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള വിക്കിഗ്രന്ഥശാല ഡിജിറ്റലൈസേഷന്‍ മത്സരത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണം. ഏഴ് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും നൂറിലേറെ ഉപയോക്താക്കളുടെ പങ്കാളിത്തത്തോടെ 1500ല്‍ അധികം പേജുകളാണ് ഈ പദ്ധതിയുടെ ഭാഗമായി ടൈപ്പ് ചെയ്യപ്പെട്ട് ഡിജിറ്റല്‍ ലോകത്തേക്കെത്തിയത്.
ഇന്റര്‍നെറ്റിലൂടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ സാധ്യതകളുപയോഗപ്പെടുത്തി ലോകത്തിന്റെ പല കോണുകളില്‍നിന്ന് പലമേഖലകളില്‍ പ്രവര്‍ത്തി്ക്കുന്ന പ്രൊഫഷനലുകള്‍ തൊട്ട് വീട്ടമ്മമാര്‍ വരെയുള്ള നിരവധി വ്യക്തികള്‍ ഈ മത്സരത്തില്‍ പങ്കാളികളായിട്ടുണ്ട്. ഐടി @ സ്‌കൂളിന്റെ സഹകരണത്തോടെ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി, നടത്തുന്ന മത്സരത്തിന്റെ സ്‌കൂളുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
ഏറ്റവും കൂടുതല്‍ ഉള്ളടക്കം അക്ഷരതെറ്റില്ലാതെ ടൈപ്പ് ചെയ്യുന്നവര്‍ക്ക് ഇ-ബുക്ക് റീഡറടക്കമുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, ഐടി അറ്റ് സ്‌കൂള്‍, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി തുടങ്ങിയ സ്ഥാപങ്ങളുടേയും സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ക്കുള്ള സമയപരിധി നാളെ സമാപിക്കും.കേരള സാഹിത്യ അക്കാദമി സ്‌കാന്‍ ചെയ്ത് ലഭ്യമാക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണ് മത്സരത്തിന്റെ ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യുന്നത്.
മാതൃഭാഷാസ്‌നേഹവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വര്‍ദ്ധിപ്പിച്ച് ഭാഷാകമ്പ്യൂട്ടിങ്ങില്‍ കൂടുതല്‍ ധാരണയുണ്ടാക്കാനും, ഈ രംഗത്തെ സാമൂഹിക കൂട്ടായ്മകളുടെ ഭാഗമാകാനും വിദ്യാര്‍ഥികളെ ഈ പദ്ധതി സഹായിക്കും. മികച്ച പ്രകടനം കാഴ്ച വെക്കുന്ന സ്‌കൂളിന് ടാബ്ലറ്റ്, പോര്‍ട്ടബിള്‍ സ്‌കാനര്‍ തുടങ്ങിയവയും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഇതര സമ്മാനങ്ങളുമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9495576262.