ധിഷണയുടെ ലാളിത്യം

Posted on: January 12, 2014 5:59 am | Last updated: January 12, 2014 at 1:07 am

TP SAKAFIവാര്‍ത്തകള്‍ ആവര്‍ത്തിച്ച് വായിച്ച് കെട്ടും മട്ടും മാറ്റി വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന റിപ്പോര്‍ട്ടാക്കി മാറ്റുന്ന ടി പിയുടെ ശൈലി ഏവരുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്. പത്രത്തിന്റെ മര്‍മപ്രധാന ഭാഗമാണ് മുഖപ്രസംഗം എന്ന കാഴ്ചപ്പാട് അന്വര്‍ഥമാക്കുന്ന അവതരണ രീതിയും പദവിന്യാസവും മാത്രമല്ല, അകക്കാമ്പിന്റെ കാര്യത്തിലും വേറിട്ട രചനകളായിരുന്നു എഡിറ്റോറിയലുകള്‍. അറിയാത്തവ ചോദിച്ചു മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ അന്വേഷണ തത്പരതയും ജിജ്ഞാസയും വ്യതിരിക്തമാണ്. സംശയ നിവാരണത്തിന് സമീപിക്കുന്ന ജൂനിയര്‍ പത്രപ്രവര്‍ത്തകര്‍ പലപ്പോഴും അസീസ് സഖാഫിയുടെ വിജ്ഞാനപ്പരപ്പ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

 

ശിയടക്കാനുള്ള നട്ടംതിരിച്ചിലിനിടയില്‍ യാത്രാബസില്‍ എത്തിപ്പെട്ട പക്ഷിക്കുഞ്ഞിനെ തട്ടിക്കളിച്ച് ജീവച്ഛവമാക്കി ആനന്ദനൃത്തം ചവിട്ടിയ സഹയാത്രികരെ വിമര്‍ശന അസ്ത്രമെയ്ത് സഹജീവി സ്‌നേഹത്തിന്റെ മാതൃക വരച്ചുകാട്ടിയ കൊച്ചു കുറിപ്പ് രണ്ട് വര്‍ഷം മുമ്പ് റമസാന്‍ വിശേഷത്തിലൂടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ ടി പി വെള്ളലശ്ശേരിയെന്ന തൂലികയിലറിയപ്പെട്ട തച്ചിട്ടാം പറമ്പില്‍ അബ്ദുല്‍ അസീസ് സഖാഫിയുടെ പ്രതിഭാധനത്വവും ദാര്‍ശനികതയും എന്റെ മനസ്സില്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഒരു നൂറ്റാണ്ട് വായിച്ചാലും കാലഹരണപ്പെടാത്ത വീക്ഷണങ്ങളും വിശേഷങ്ങളും കിട്ടിയ അവസരങ്ങളില്‍ വെളിച്ചം കാണിച്ച ടി പിയുടെ വരയും മൊഴിയും ജ്ഞാനിയുടെ ധിഷണയും സാത്ത്വിയുടെ വിവേകവും മേളിച്ചതായിരുന്നു. അക്ഷരങ്ങളുടെ ഈ കുത്തൊഴുക്ക് നിലച്ചിട്ട് മാസങ്ങളായി. എന്നാല്‍ ആ ഉറവ വറ്റില്ലെന്ന പ്രതീക്ഷക്കാണ് തിരിച്ചടിയേറ്റത്. ഇല്ല, സഖാഫിയുടെ തൂലിക ഇനി ചലിക്കില്ല. അദ്ദേഹം അക്ഷരങ്ങളുടെ ലോകത്ത് നിന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.

സഹപത്രാധിപരായി തുടങ്ങി, ചീഫ് സബ് എഡിറ്റര്‍, യൂനിറ്റ് ഇന്‍ചാര്‍ജ്, ലീഡര്‍ റൈറ്റര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ അബ്ദുല്‍ അസീസ് സഖാഫി കൈവെച്ചതെല്ലാം പൊന്നാക്കി വിളയിക്കുകയായിരുന്നു. തൊഴിലിനോട് നൂറ് ശതമാനം ആത്മാര്‍ഥതയും പ്രതിബദ്ധതയും പുലര്‍ത്തിയ അദ്ദേഹം ആധുനിക പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മാതൃകയായിരുന്നു. കൊട്ടിഘോഷമോ, സ്വനാമ പ്രഘോഷമോ കാംക്ഷിക്കാതെ നിശ്ശബ്ദ പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തില്‍ ദര്‍ശിച്ചിട്ടുണ്ട്. സിറാജ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയപ്പോഴൊക്കെ മുന്‍നിരയില്‍ നിന്ന് അഭിപ്രായം പറയുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ടി പിയുടെ നിരൂപണങ്ങള്‍ സിറാജ് എഡിറ്റോറിയല്‍ യോഗങ്ങളെ എന്നും സജീവമാക്കി. പ്രാദേശിക പേജ് കൈകാര്യം ചെയ്യുമ്പോള്‍ ടി പി നല്‍കുന്ന തലവാചകങ്ങള്‍ അര്‍ഥസമ്പുഷ്ടവും ആകര്‍ഷണീയവുമായിരുന്നു. വയനാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ പുലിയെ പിടിക്കാന്‍ ഒരുക്കിയ സന്നാഹങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ട് നിരൂപകരൊക്കെ പത്രവിശേഷത്തില്‍ പരാമര്‍ശിച്ചതാണ്. ‘പുലിയെ പിടിക്കാന്‍ പുലിക്കോടന്‍ പിന്നെ പട്ടിക്കൂടും’ എന്നതായിരുന്നു ആ സവിശേഷ തലക്കെട്ട്.

വാര്‍ത്തകള്‍ ആവര്‍ത്തിച്ച് വായിച്ച് കെട്ടും മട്ടും മാറ്റി വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന റിപ്പോര്‍ട്ടാക്കി മാറ്റുന്ന ടി പിയുടെ ശൈലി പ്രാദേശിക ലേഖകരുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്. പത്രത്തിന്റെ മര്‍മപ്രധാന ഭാഗമാണ് മുഖപ്രസംഗം എന്ന കാഴ്ചപ്പാട് അന്വര്‍ഥമാക്കുന്ന അവതരണ രീതിയും പദവിന്യാസവും മാത്രമല്ല, അകക്കാമ്പിന്റെ കാര്യത്തിലും വേറിട്ട രചനകളായിരുന്നു എഡിറ്റോറിയലുകള്‍. അറിയാത്തവ ചോദിച്ചു മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ അന്വേഷണ തത്പരതയും ജിജ്ഞാസയും വ്യതിരിക്തമാണ്. സംശയ നിവാരണത്തിന് സമീപിക്കുന്ന ജൂനിയര്‍ പത്രപ്രവര്‍ത്തകര്‍ പലപ്പോഴും അസീസ് സഖാഫിയുടെ വിജ്ഞാനപ്പരപ്പ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകരോട് പുതിയ വിഷയങ്ങള്‍ എടുത്തിട്ട് സംവദിക്കുക പതിവാക്കിയ അദ്ദേഹം, വാദകോലാഹലങ്ങള്‍ക്കടിപ്പെടാതെ വീറോടെ ആശയം സമര്‍ഥിക്കാറുണ്ട്. ഓരോ പുതിയ വിഷയവും തന്റെ ചിന്താമണ്ഡലത്തില്‍ ഉരച്ചുനോക്കി ലഭിക്കുന്ന വിജ്ഞാന മുത്തുകള്‍ കൂടി കോര്‍ത്തിണക്കി തയ്യാറാക്കുന്ന മുഖപ്രസംഗം സിറാജിനെ മറ്റു പത്രങ്ങള്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനും അന്വേഷണ കുതുകികള്‍ക്ക് വഴികാട്ടാനും പ്രാപ്തമായിരുന്നു. ആരും ശ്രദ്ധിക്കാത്ത വിഷയങ്ങള്‍ തേടിപ്പിടിച്ച് തികച്ചും വേറിട്ട ചിന്തയും വീക്ഷണവും പകര്‍ന്നുനല്‍കിയപ്പോള്‍ മന്ത്രിമാരും നിരൂപകരും വാര്‍ത്താ നിരീക്ഷകരും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. കരുത്തുറ്റ ഒരു സംഘടനയുടെ പ്രസിദ്ധീകരണമായ സിറാജില്‍ പ്രത്യക്ഷപ്പെടുന്ന മുഖപ്രസംഗം സംഘടനയുടെ വിശ്വാസ, ആശയധാരയെ പ്രതിഫലിക്കുന്നതായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. ഇതോടൊപ്പം സംഘടനാ നേതാക്കള്‍ക്ക് സങ്കീര്‍ണ വിഷയങ്ങളില്‍ പലപ്പോഴും വഴികാട്ടിയായത് ടി പിയുടെ മുഖപ്രസംഗമായിരുന്നു. സങ്കീര്‍ണവും എന്നാല്‍ ആധുനികവുമായ വിഷയങ്ങളായ ക്ലോണിംഗ്, ആഗോള താപനം, പാരിസ്ഥിതിക സംരക്ഷണം, അവയവ ദാനം തുടങ്ങിയ വിഷയങ്ങളിലൊക്കെ ആദര്‍ശ പ്രസ്ഥാനത്തിന് വെളിച്ചം വീശുന്നതായിരുന്നു ഈ മഹാമനീഷിയുടെ അക്ഷരക്കൂട്ട്.

ഏറ്റവും ഒടുവില്‍ മുഖപ്രസംഗം തയ്യാറാക്കുന്ന ജോലിയിലിരിക്കെയാണ് അദ്ദേഹം രക്തസമ്മര്‍ദം കൂടി പക്ഷാഘാതത്തിനിരയായത്. മാസങ്ങളായി വീട്ടില്‍ ചികിത്സ തുടരുന്നതിനിടയില്‍ ആരോഗ്യം സാവധാനം വീണ്ടെടുക്കുകയും പടിപടിയായി അവയവങ്ങള്‍ക്ക് ചലനശേഷി പ്രാപിച്ചുവരികയുമായിരുന്നു. ഇതിനിടയിലാണ് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാട്. നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്ന അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം ജീവിതസപര്യയായി കൊണ്ടുനടക്കുമ്പോള്‍ കുടുംബ ജീവിതത്തിന്റെ സുഖം അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. പണ്ഡിതനും അന്വേഷണ കുതുകിയും എഴുത്തുകാരനുമായിരുന്നിട്ടും വിനയവും ലാളിത്യവും കൂടെ കൊണ്ടുനടക്കാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ധന്യവും സന്തോഷകരവുമാകട്ടെ.