പതിനഞ്ചോളം ബൈക്കുകള്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

Posted on: January 10, 2014 12:31 am | Last updated: January 10, 2014 at 12:31 am

കൊല്ലം: തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ വിവിധ ആശുപത്രികള്‍, ഇന്‍ഫോ പാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്ന് 15ഓളം ബൈക്കുകള്‍ കവര്‍ച്ച നടത്തിയ പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര താലൂക്കില്‍ ബാലരാമപുരം അന്തിയൂര്‍ ഒരിക്കോടില്‍ സഞ്ജിത്ത് (25) ആണ് അറസ്റ്റിലായത്.
ഈ മാസം മൂന്നിന് തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റലില്‍ നിന്ന് ഹീറോ ഹോണ്ട പാഷന്‍ ബൈക്കും കഴിഞ്ഞ ദിവസം എറണാകുളം ഇന്‍ഫോ പാര്‍ക്കില്‍ നിന്ന് മുഹമ്മദ് താഹീറിന്റെ ബജാജ് പള്‍സര്‍ ബൈക്കും കവര്‍ച്ച നടത്തിയതായി പ്രതി പോലീസിനോട് പറഞ്ഞു. നെയ്യാറ്റിന്‍കര, ബാലരാമപുരം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി ആറ് ബൈക്കുകള്‍, കൊല്ലം ബിഷപ് ജെറോം നഗറില്‍ നിന്ന് ഹീറോ ഹോണ്ട സ്പളെന്‍ഡര്‍ ബൈക്ക്, പത്തനംതിട്ട കൈപ്പട്ടൂരില്‍ നിന്ന് യമഹ ക്രക്‌സ് ബൈക്ക് എന്നിവ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. പ്രതിയില്‍ നിന്ന് വിവിധ തരത്തിലുള്ള 25 ഇനം താക്കോലുകള്‍ പോലീസ് കണ്ടെടുത്തു.
കൊല്ലം ഈസ്റ്റ് സി ഐ. ജി ഗോപകുമാര്‍, ഗ്രേഡ് എസ് ഐ. പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, സജിത്, അനന്‍ബാബു, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.