ബേഡകത്ത് സി പി എമ്മില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

Posted on: January 10, 2014 12:29 am | Last updated: January 10, 2014 at 12:29 am

കാസര്‍കോട്: ആരോപണവിധേയനായ സി ബാലനെ വീണ്ടും സി പി എം ബേഡകം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പടെ രംഗത്തുവന്നതോടെ ബേഡകത്ത് സി പി എമ്മില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. സി ബാലനെ വീണ്ടും സെക്രട്ടറിയാക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ ഏകപക്ഷീയമായ തീരുമാനമാണ് അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
ബേഡകത്തെ ഏതാനും നേതാക്കളാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഏറെ പുകഞ്ഞിരുന്ന ഈ പ്രശ്‌നം പാര്‍ട്ടിക്കകത്ത് വന്‍ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സി ബാലനെ മാറ്റി പകരം എം രാജഗോപാലിന് ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കി. ബേഡകത്തെ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ മറനീക്കി പുറത്തുവന്നതോടെ ഇതിനെ ഒതുക്കാനുള്ള ശ്രമമാണ് ജില്ലാ നേതൃത്വം നടത്തുന്നത്. ജില്ലാ കമ്മിറ്റി സി ബാലനെ വീണ്ടും സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച് പരസ്യ പ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.
പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ രണ്ട് മുന്‍ ഏരിയാ സെക്രട്ടറിമാര്‍ വാര്‍ത്താചാനലുകള്‍ക്ക് നല്‍കിയ വെളിപ്പെടുത്തലുകള്‍ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ വിഭാഗീയത ഉണ്ടായതിനെ തുടര്‍ന്ന് സി ബാലനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം ജംബോ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഇതിന്റെ ചുമതല എം രാജഗോപാലിന് നല്‍കി. വിഭാഗീയത അവസാനിച്ചുവെന്നും ഏരിയാ സമ്മേളനം തിരഞ്ഞെടുത്ത സി ബാലനെ വീണ്ടും സെക്രട്ടറിയാക്കണമെന്നും ഒരു വിഭാഗം പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയത്. ജില്ലാ കമ്മിറ്റി ചേര്‍ന്ന് ഇക്കാര്യം അംഗീകരിച്ചു. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തന്നെ ഏരിയാ കമ്മിറ്റി ചേര്‍ന്ന് സി ബാലനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതിനെതിരെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിക്കുകയും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റിയംഗം പി ദിവാകരന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ ചന്ദ്രന്‍ പാലക്കല്‍, ബി രാഘവന്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
ഇത് പത്രവാര്‍ത്തയായതോടെ സി പി എം ജില്ലാ സെക്രട്ടറി പത്രങ്ങള്‍ക്കെതിരെ പ്രസ്താവന ഇറക്കി. സത്യവിരുദ്ധവും അസംബന്ധവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നായിരുന്നു പ്രസ്താവന. എന്നാല്‍ മറച്ചുവെക്കാനാകാത്തവിധം ഇപ്പോള്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് രണ്ട് നേതാക്കള്‍ ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് രംഗത്തുവന്നത്.
ജില്ലാ കമ്മിറ്റി തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്നും പാര്‍ട്ടി നടപടിക്ക് വിധേയമായ ഒരാളെ സെക്രട്ടറിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മുന്‍ ഏരിയാ സെക്രട്ടറിമാരായ പി ദിവാകരനും പി ഗോപാലന്‍മാസ്റ്ററും പരസ്യമായി പറഞ്ഞത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വലിയൊരു വിഭാഗം പാര്‍ട്ടിയില്‍ നിന്നും രാജിഭീഷണി മുഴക്കിയിട്ടുണ്ട്.
പാര്‍ട്ടിക്ക് ജില്ലയില്‍ നല്ല കെട്ടുറപ്പിന് പ്രയത്‌നിച്ചത് കെ പി സതീഷ്ചന്ദ്രന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെയാണ്. എന്നാല്‍, ആരോപണവിധേയനായ ഒരാളെ പാര്‍ട്ടി സെക്രട്ടറിയെന്ന പദവി ദുരുപയോഗപ്പെടുത്തി വീണ്ടും സെക്രട്ടറിയാക്കാന്‍ ശ്രമിക്കുകയും കേന്ദ്ര കമ്മിറ്റി അംഗമായ പി കരുണാകരന്റെ എതിര്‍പ്പിനെ പോലും അവഗണിച്ചുള്ള നടപടിയാണ് ചിലരുടെയിടയില്‍ പ്രശ്‌നങ്ങള്‍ക്ക് തിരിയിടാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
ബേഡകം ഏരിയാ കമ്മിറ്റി അടിയന്തര യോഗം ഇന്നലെ രാവിലെ കുറ്റിക്കോല്‍ എ കെ ജി മന്ദിരത്തില്‍ ചേര്‍ന്നു. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എം പി, ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം പി രാഘവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.