സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്നുമായി അബുദാബി

Posted on: January 9, 2014 9:13 pm | Last updated: January 9, 2014 at 9:13 pm

muncipality of abudabiഅബുദാബി: അമിതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്നുമായി അബുദാബി. ആരെല്ലാമാണ് അലക്ഷ്യമായി ഗാര്‍ബേജ് ബിന്നിനരുകില്‍ മാലിന്യം എറിയുന്നത്, ആരാണ് കൂടുതലായി മാലിന്യം നിക്ഷേപിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് സെന്റര്‍ ഓഫ് വെയ്സ്റ്റ് മാനേജ്‌മെന്റ് അബുദാബി(സി ഡബ്ലിയു എം) സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരം മുഴുവന്‍ ഇത്തരത്തിലുള്ള 30,000 മാലിന്യത്തൊട്ടികള്‍ സ്ഥാപിക്കാനാണ് സി ഡബ്ലിയു എം പദ്ധതിയിടുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷ(ആര്‍ എഫ് ഐ ഡി)ന്റെ സഹായത്തോടെ റിമോട്ട് സെന്‍സറിംഗ് സംവിധാനത്തിലാവും ഇത് പ്രവര്‍ത്തിക്കുക. പുതിയ സാങ്കേതികവിദ്യ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടുത്താന്‍ ഇറങ്ങിയ വളണ്ടിയര്‍മാരുടെ വിവരണം കേട്ട് പലരും അത്ഭുതപ്പെട്ടു.
ഓരോ വീട്ടുകാരും എത്ര മാലിന്യമാണ് തള്ളുന്നതെന്ന് കൃത്യമായി ഇതിലൂടെ അറിയാന്‍ സാധിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും വളണ്ടിയര്‍മാര്‍ ബോധവത്ക്കരിച്ചു. ഓരോ ബിന്നിനോടും ചേര്‍ന്ന് ഇലട്രോണിക് ചിപ്പുണ്ടാവും, ഓരോ ചിപ്പിലും സാങ്കേതികമായ വിവരങ്ങളും മാലിന്യത്തൊട്ടി ഏത് മേഖലയിലുള്ളതാണെന്നും ഉള്‍ക്കൊള്ളിച്ചിരിക്കും. മാലിന്യം ശേഖരിക്കാന്‍ എത്തുന്ന ട്രക്കുകളിലുള്ളവര്‍ക്ക് പ്രത്യേക ഡിവൈസിന്റെ സഹായത്തോടെ ചിപ്പിലെ വിവരങ്ങള്‍ വായിക്കാന്‍ സാധിക്കും.
ഡിവൈസുകള്‍ കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക.