Connect with us

Wayanad

കല്‍പറ്റ ബൈപാസ് ഉദ്ഘാടനം നാളെ

Published

|

Last Updated

കല്‍പറ്റ:ബൈപാസ് നാളെ വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. എം. വി ശ്രേയാംസ്‌കുമാര്‍ എം. എല്‍. എ അദ്ധ്യക്ഷനാവും. മന്ത്രി പി. കെ ജയലക്ഷ്മി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം. ഐ ഷാനവാസ് എം. പി മുഖ്യപ്രഭാഷണം നടത്തും.
ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ കല്‍പ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നതോടൊപ്പം ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആഗ്രഹവുമാണ് സഫലമാകുന്നത്. മേപ്പാടി റോഡിലെ ട്രാഫിക് ജംക്ഷനില്‍ നിന്നാരംഭിക്കുന്ന ബൈപാസ് കൈനാട്ടി്ക്ക് സമീപം ദേശീയപാത 212 ലാണ് ചേരുന്നത്. മൊത്തം 12.96 കോടി രൂപയാണ് ബൈപാസ് നിര്‍മ്മാണത്തിന് അനുവദിച്ചത്. 3.77 കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസിന് 1987 ലാണ് സ്ഥലം ഏറ്റെടുത്തത്. 1990 ല്‍ ഫണ്ട് അനുവദിച്ചെങ്കിലും കരാറുകാര്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ല. പിന്നീട്, പുതിയ കരാര്‍ നല്കിയാണ് റോഡ് നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയത്.
3.77 കിലോമീറ്ററില്‍ 510 മീറ്റര്‍ ദൂരം ആര്‍. സി. സി കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. റോഡിന് ഇരുവശത്തും ഷോള്‍ഡര്‍ പാവ്‌മെന്റും നിര്‍മ്മിച്ചിട്ടുണ്ട്. പാറക്കെട്ടുകള്‍ പൊട്ടിച്ച് നീക്കി കയറ്റം കുറച്ച് റോഡ് നിര്‍മ്മിച്ചത് ഭാരമുള്ള ചരക്ക്, കണ്ടെയ്‌നര്‍ ലോറികള്‍ക്കും സുഗമമായ ഗതാഗതം സാധ്യമാക്കും.നഗരത്തില്‍ പ്രവേശിക്കേണ്ടാത്ത ടൂറിസ്റ്റ് ബസ്സുകള്‍ , ചെറിയ വാഹനങ്ങള്‍ തുടങ്ങിയവ ബൈപ്പാസിലൂടെ പോകുമ്പോള്‍ കല്‍പറ്റ നഗരത്തിലെ ഗതാഗത പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കും.
ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭയും നാട്ടുകാരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ കെ ജി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.