Connect with us

Malappuram

മങ്കടയില്‍ ക്വാറിയില്‍ മുങ്ങി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം

Published

|

Last Updated

മങ്കട: പാലക്കത്തടത്ത് ക്വാറിയില്‍ മുങ്ങി മരിച്ച നാല് പേരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി ടി എ അഹമ്മദ് കബീര്‍ എം എല്‍ എ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 25നാണ് മങ്കട കരിമലയില്‍ മുത്തഛനും പേരക്കുട്ടികളും ഉള്‍പ്പടെ നാല് പേര്‍ മീന്‍ പിടിക്കുന്നതിനിടെ ക്വാറിയില്‍ മുങ്ങി മരിച്ചത്.
മണ്ണാര്‍ക്കാട് പാലക്കയം നെരവ് സ്വദേശി വടക്കെ മുളഞ്ഞിനാല്‍ ദേവസ്യ (65) ഇവരുടെ മകളുടെ കുട്ടികളും മങ്കട-പാലക്കത്തടം കരിമലയിലെ മേലേകുത്ത് ആന്റണിയുടെ മക്കളുമായ ബിനോ ആന്റണി (13), സിനോ ആന്റണി (10), ആന്റണിയുടെ സഹോദരന്‍ ജോസഫിന്റെ മകന്‍ ഷിജോ (12) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മങ്കട പാലക്കത്തടത്ത് ഇവരുടെ വീടിന് സമീപത്തായുള്ള കരിങ്കല്‍ ക്വാറിയിലായിരുന്നു അപകടം. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി മകളുടെ വീട്ടിലെത്തിയതായിരുന്നു ദേവസ്യ, ക്രിസ്മസ് ദിനത്തില്‍ പകല്‍ പത്ത് മണിയോടെ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനുമായി കരിങ്കല്‍ ക്വാറിയിലെത്തിയ ഇവര്‍ മുങ്ങി മരണപ്പെടുകയായിരുന്നു. മരിച്ച ദേവസ്യയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, കുട്ടികളുടെ കുടുംബത്തിന് ഓരോ ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും, മഞ്ഞളാംകുഴി അലിയും ഇക്കാര്യം മന്ത്രി സഭായോഗത്തില്‍ ഉന്നയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പതിനായിരം രൂപ അടിയന്തര ധനസഹായം നല്‍കിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും ടി എ അഹമ്മദ്കബീര്‍ എം എല്‍ എ അറിയിച്ചു. അപകടത്തില്‍ രണ്ട് കുട്ടികള്‍ മരണപ്പെട്ട ആന്റണിയുടെ കുടുംബത്തിന് ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുമെന്ന് നേരത്തെ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റുകൂടിയായ കേന്ദ്രമന്ത്രി ഇ അഹമ്മദ് കുട്ടികളുടെ വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചിരുന്നു. കുടുംബത്തിന് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയും നല്‍കിവരുന്നുണ്ട്.