ഇന്റര്‍ സിറ്റി ബസ് സര്‍വീസിനുള്ള പേപ്പര്‍ ടിക്കറ്റ് ആര്‍ ടി എ പൂര്‍ണമായും ഒഴിവാക്കി

Posted on: January 4, 2014 9:54 pm | Last updated: January 4, 2014 at 9:55 pm

busദുബൈ: ദുബൈയില്‍ നിന്ന് മറ്റു എമിറേറ്റുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ ഉപയോഗിച്ചിരുന്ന പേപ്പര്‍ ടിക്കറ്റുകള്‍ ആര്‍ ടി എ പൂര്‍ണമായും നിര്‍ത്തലാക്കി. 2014 ന്റെ തുടക്കത്തോടെയാണ് നിലവിലുണ്ടായിരുന്ന പേപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയത്.
ദുബൈക്കുള്ളില്‍ സര്‍വീസ് നടത്തുന്ന ബസുകളിലും മെട്രോ, അബ്ര എന്നിവക്കും ഉപയോഗിക്കുന്ന നോള്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമേ ഇനി മുതല്‍ എമിറേറ്റിന് പുറത്തേക്കുള്ള ബസുകളിലും യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.
നോള്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രാ സൗകര്യം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍ ടി എ ആരംഭിച്ചിരുന്നു. 2013 അവസാനം വരെ ഒരേ സമയം പേപ്പര്‍ ടിക്കറ്റും നോള്‍ കാര്‍ഡും ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അവസരമുണ്ടായിരുന്നു. പുതിയ വര്‍ഷം മുതല്‍ പേപ്പര്‍ ടിക്കറ്റുകള്‍ ആര്‍ ടി എ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്.
പേപ്പര്‍ ടിക്കറ്റ് ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ സൗകര്യം നോള്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രയാണെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. വാരാന്ത്യ ഒഴിവു ദിനങ്ങളിലും മറ്റു അവധി ദിനങ്ങളിലും ദുബൈക്ക് പുറത്തേക്കുള്ള ആര്‍ ടി എ ബസ് ഉപയോഗിക്കുന്നവര്‍ക്ക് നിശ്ചിത കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിക്കാന്‍ ഏറെ സാഹസപ്പെടേണ്ടതായി വന്നിരുന്നു. ഈ ബുദ്ധിമുട്ട് പുതിയ ടിക്കറ്റ് സമ്പ്രദായത്തിലൂടെ പൂര്‍ണമായും ഒഴിവായികിട്ടിയെന്ന് ദിനേന ബര്‍ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ആര്‍ ടി എ ബസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു.
ദുബൈക്ക് പുറത്തുള്ള ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ആവശ്യമായ തുക നോള്‍ കാര്‍ഡില്‍ നിറച്ചാല്‍ മതിയാകുമെന്നുള്ളതാണ് സൗകര്യം. തിരിച്ചു ദുബൈയിലെത്താന്‍ ആവശ്യമായ തുകയും നോള്‍ കാര്‍ഡില്‍ നേരത്തെ കരുതിയിരിക്കണം.
ദുബൈക്ക് പുറത്തുള്ള ബസ് സ്റ്റേഷനുകളില്‍ നോള്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ നിലവിലില്ല എന്നതാണ് കാരണം.