ബ്രയിന്‍ഹണ്ട് 11ാമത് എഡിഷന്‍ ഈ മാസം ആരംഭിക്കും

Posted on: December 31, 2013 10:48 pm | Last updated: December 31, 2013 at 10:52 pm

brain hundദുബൈ: യു എ ഇയിലെ വിവിധ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് കുട്ടികളില്‍ അറിവ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ക്വിസ് മത്സരമായ ബ്രയിന്‍ ഹണ്ട് ഇന്റെര്‍ സ്‌കൂള്‍ ക്വിസ് കോണ്ടെസ്റ്റിന് ജനുവരി രണ്ടാം വാരത്തില്‍ തുടക്കമാവുമെന്ന് ബ്രയിന്‍ ഹണ്ട് ക്വിസ് മാസ്റ്റും ഇന്‍സ്പിറേഷന്‍ ആന്‍ഡ് കെ ബി സി ഗ്ലോബല്‍ ടോക് സി ഇ ഒയുമായ കണ്ണു ബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 65 വിദ്യാലയങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുക. 650 ടീമുകളായിരുന്നു വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇവരില്‍ നിന്ന് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ തമ്മിലുള്ള മത്സരമാവും ജനുവരി രണ്ടാം വാരത്തില്‍ നടക്കുക. വിദ്യാലയങ്ങള്‍ അവധി കഴിഞ്ഞ് തുറന്ന ശേഷമേ മത്സരത്തിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ സാധിക്കൂവെന്നും കണ്ണു ബക്കര്‍ പറഞ്ഞു. സെമി കടന്നെത്തുന്ന ആറു ടീമുകളാവും വാശിയേറിയ ഗ്രാന്റ് ഫിനാലെയില്‍ മൂന്നാം വാരത്തില്‍ മാറ്റുരക്കുക. മുഖ്യ സ്‌പോണ്‍സര്‍മാരായി ഇത്തിസലാത്തും സാംസണുമാണ് പരിപാടിയുമായി സഹകരിക്കുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലുമാണ് ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിലുമായാവും പരിപാടി നടക്കുക.
ഫെബ്രുവരിയില്‍ കെ ബി സിയുടെ നേതൃത്വത്തില്‍ പ്രമുഖ കമ്പനികളുടെ സി ഇ ഒമാരെ ഉള്‍പ്പെടുത്തി ദുബൈയില്‍ സി ഇ ഒ ടോക് സംഘടിപ്പിക്കും. ബുര്‍ജ് ഖലീഫയിലാവും പരിപാടി. ഇതിനുള്ള തിയ്യതി പിന്നീട് പ്രഖ്യാപിക്കും. ചടങ്ങില്‍ 30 പ്രമുഖ പ്രൊഫഷണലുകളെ ആദരിക്കും. സാംസണിന്റെ യു എ ഇയിലെ വിതരണക്കാരായ ഇറോസ് ഗ്രൂപ്പ് ഡെപ്യൂട്ടി സി ഇ ഒ നിരഞ്ചന്‍ കിദ്‌വായി, ഇറോസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നീരജ് കെ ഫര്‍വാഹ പങ്കെടുത്തു.