ഇന്ത്യക്കാര്‍ മെഷീന്‍ റീഡബ്ള്‍ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കണം

Posted on: December 31, 2013 7:41 pm | Last updated: December 31, 2013 at 7:41 pm

pasportദോഹ:ഖത്തറിലുള്ള മുഴുവന്‍ ഇന്ത്യക്കാരും തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ മെഷീന്‍ റീഡബ്ള്‍ (പരിശോധനാ യന്ത്രം മുഖേന വായിക്കപ്പെടാവുന്നത്) ആണെന്ന് ഉറപ്പുവരുത്തണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.അടുത്ത നവംബര്‍ 25 മുതല്‍ യാത്രകള്‍ക്ക് ഈ ഗണത്തില്‍ പെട്ട പാസ്‌പോര്‍ട്ട് നിര്‍ബന്ധമാകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം. അതനുസരിച്ച് 2001 നു മുമ്പ് ഇഷ്യൂ ചെയ്ത കൈ കൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയതും ഒട്ടിച്ച ഫോട്ടോയോട് കൂടിയതുമായ പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ എംബസ്സിയുമായി ബന്ധപ്പെട്ട് അവ മാറ്റേണ്ടിവരും. 2015 നവംബര്‍ 25 നു ശേഷവും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ നിര്‍ബന്ധമായും മാറ്റിയിരിക്കണം. അവ മാറ്റാത്ത പക്ഷം അത്തരം പഴയ പാസ്‌പോര്‍ട്ടുകളില്‍ മേല്‍കാലാവധിക്ക് ശേഷം വിദേശരാജ്യങ്ങളില്‍ വിസയും പ്രവേശനാനുമതിയും ലഭിക്കില്ല. 2001 മുതല്‍ ഇന്ത്യയില്‍ മെഷീന്‍ റീഡബ്ള്‍ പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യാന്‍ ആരംഭിച്ചിരുന്നു.പ്രസ്തുത കാലയളവിനു മുമ്പ് ഇഷ്യൂ ചെയ്ത ഇരുപതു വര്‍ഷക്കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളാണ് അടിയന്തിരമായി മാറ്റേണ്ടി വരിക.അത്തരം പാസ്‌പോര്‍ട്ടുകള്‍ കൈവശം ഉള്ളവര്‍ അവ റീഇഷ്യൂ ചെയ്യുന്നതിനായി ഫോം പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.